എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍
എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സന്നദ്ധത അറിയിച്ചു.
ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍. വ്യാപാരം, ജലം പങ്കിടല്‍, കാശ്മീര്‍, ഭീകരവാദം എന്നിവ ഉള്‍പ്പെടെയുള്ള ഇരു രാജ്യങ്ങള്‍ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സന്നദ്ധത അറിയിച്ചു. ഇറാനിലെ ടെഹ്‌റാനില്‍ എത്തിയപ്പോഴായിരുന്നു ഷഹബാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താല്‍ പാക്കിസ്ഥാന്‍ പ്രതികരിക്കുമെന്നും ഇറാന്‍ പ്രസിഡന്റുമായുള്ള സംയുക്തവാര്‍ത്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം നേരത്തെയും പാകിസ്ഥാന്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഭീകരവാദവും ചര്‍ച്ചകളും ഒരേ സമയം നടക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ. പാക് അധിനിവേശ കശ്മീര്‍ തിരികെ നല്‍കുന്നതിനും ഭീകരവാദ വിഷയത്തിലും മാത്രമായിരിക്കും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുക എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഭീകരവാദവും വ്യാപാരവും നടക്കില്ലെന്നും വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ മധ്യസ്ഥതവഹിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡോ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരു മൂന്നാമതൊരാളുടെ പങ്കാളിത്തം ഉണ്ടാകരുതെന്ന മുന്‍ നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു.