സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ
ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധം ചെയ്യാന്‍ പാകിസ്ഥാന്‍ പൂര്‍ണ്ണസജ്ജമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ഇസ്ലാമാബാദ് സ്‌ഫോടനത്തില്‍ വീണ്ടും പ്രകോപനപരമായ പ്രതികരണങ്ങളുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് സ്‌ഫോടനത്തിന് പിറകില്‍ താലിബാനും ഇന്ത്യയുമാണെന്ന് അവകാശപ്പെട്ടത്. ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധം ചെയ്യാന്‍ പാകിസ്ഥാന്‍ പൂര്‍ണ്ണസജ്ജമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ഞങ്ങള്‍ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികളില്‍ യുദ്ധത്തിന് സജ്ജമാണ്. ആദ്യ റൗണ്ടില്‍ ദൈവം ഞങ്ങള്‍ക്കൊപ്പം നിന്നു. രണ്ടാം റൗണ്ടിലും അദ്ദേഹം ഞങ്ങളെ സഹായിക്കും. കിഴക്ക് ഇന്ത്യയേയും പടിഞ്ഞാറ് അഫ്ഗാനിസ്ഥാനെയും പരാമര്‍ശിച്ചാണ് ഖ്വാജ ആസിഫിന്റെ പ്രസ്താവന.
ചൊവ്വാഴ്ച ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനി താലിബാനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ത്യന്‍ പിന്തുണയോടെയാണ് താലിബാന്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് പാകിസ്ഥാന്റെ ആരോപണം.
അതേസമയം ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തെ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം മാത്രമാണെന്നാണ് ഖ്വാജ ആസിഫ് വിശേഷിപ്പിച്ചത്. സംഭവത്തെ ഇന്ത്യ രാഷ്ട്രീയവത്കരിക്കുകയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.