ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ശ്രീലങ്കന്‍ ടീമിലെ എട്ടോളം താരങ്ങള്‍ പിന്മാറാനൊരുങ്ങിയത്. എന്നാല്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതോടെയാണ് താരങ്ങള്‍ പിന്മാറിയത്.
ഏതെങ്കിലും താരം നിര്‍ദേശം ലംഘിച്ചാല്‍ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്ന് ബോര്‍ഡ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമ്പര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഏകദിന മത്സരം നാളത്തേക്ക് മാറ്റി. പാകിസ്ഥാനില്‍ സുരക്ഷിതരല്ലെന്നും ഉടനെ നാട്ടിലേക്ക് മടങ്ങണമെന്നുമാണ് ചില ശ്രീലങ്കന്‍ താരങ്ങള്‍ നിലപാടെടുത്തത്. തുടര്‍ന്ന് പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി നടത്തിയ അനുനയത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പരമ്പര തുടരാന്‍ തീരുമാനിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തില്‍ നന്ദിയുണ്ടെന്ന് നഖ്വി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയ റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ചാവേര്‍ ബോംബാക്രമണമുണ്ടായത്. 2009ല്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെ ചാവേര്‍ ആക്രമണമുണ്ടായിരുന്നു. അന്ന് കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനെയുമടങ്ങുന്ന താരങ്ങള്‍ വെടിവെയ്പ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിന് ശേഷം ഒരു ദശാബ്ദത്തോളം പാകിസ്ഥാനില്‍ കളിക്കാന്‍ മറ്റ് ടീമുകള്‍ തയ്യാറായിരുന്നില്ല.