യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി
ഉപരോധം നിലവില്‍ വന്ന നവംബര്‍ 21ന് മുന്‍പായി ഇന്ത്യ റഷ്യയില്‍ നിന്നും വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു.
റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി നിര്‍ത്തലാക്കി റിലയന്‍സ് റിഫൈനറി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്ന നടപടിയാണ് നിര്‍ത്തലാക്കിയത്. റഷ്യയില്‍ നിന്നുള്ള 2 എണ്ണ കമ്പനികള്‍ക്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് റിലയന്‍സിന്റെ നടപടി. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് മറ്റ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് റിലയന്‍സ് ചെയ്തിരുന്നത്.
ഉപരോധം നിലവില്‍ വന്ന നവംബര്‍ 21ന് മുന്‍പായി ഇന്ത്യ റഷ്യയില്‍ നിന്നും വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു. നിലവില്‍ ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിയുടെ 35-38 ശതമാനവും റഷ്യയില്‍ നിന്നാണ്. ഉപരോധം വരുന്നതോടെ ഇത് പകുതിയാകുമെന്നാണ് വിപണിയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. റഷ്യന്‍ ക്രൂഡോയിലിന്റെ വിടവ് നികത്താന്‍ ഇറാഖ്, സൗദി, യുഎഇ, കുവൈത്ത് എന്നിവരെ ഇന്ത്യ സമീപിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയും ഇന്ത്യ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.