റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) പ്രകാരമുള്ള നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് പിന്നാലെയാണ് ഇഡി കടുത്ത നടപടികളിലേക്ക് കടന്നത്. ഇതോടെ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇഡി കണ്ടുകെട്ടുന്ന ആസ്തികളുടെ മൂല്യം 9000 കോടിയായി.
റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി അടുത്തിടെ 4462 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. ഇതിന് പുറമെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(ആര്‍കോം) ബാങ്ക് ലോണ്‍ കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെ ഏകദേശം 132 ഏക്കര്‍ ഭൂമിയും കണ്ടുകെട്ടിയിരുന്നു. ഏകദേശം 7545 കോടി രൂപയാണ് ഇതിന് മതിപ്പ് വിലയായി കണക്കാക്കുന്നത്.
ആര്‍കോം ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി നടത്തിയ അന്വേഷണത്തില്‍ 2010നും 2012നും ഇടയില്‍ ഇന്ത്യന്‍, വിദേശ ബാങ്കുകളില്‍ നിന്ന് 40,000 കോടി രൂപയിലധികം വായ്പയെടുത്ത ആര്‍കോമും അതിന്റെ അനുബന്ധസ്ഥാപനങ്ങളുമാണ് അന്വേഷണപരിധിയില്‍ വന്നത്. വായ്പ അക്കൗണ്ടുകളില്‍ അഞ്ചെണ്ണത്തെ ബാങ്കുകള്‍ പിന്നീട് തട്ടിപ്പായി പ്രഖ്യാപിച്ചിരുന്നു.