ഇന്റർനെറ്റ് അധാർമികമെന്ന് താലിബാൻ; സേവനങ്ങൾ വിച്ഛേദിച്ചു
ഇന്റർനെറ്റ് ഉപയോഗം അധാർമികമാണെന്ന വാദമാണ് താലിബാൻ ഉയർത്തുന്നത്.
കാബൂൾ: താലിബാൻ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇത് ആദ്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് തടസ്സപ്പെടുന്നത്.
ഇന്റർനെറ്റ് ഉപയോഗം അധാർമികമാണെന്ന വാദമാണ് താലിബാൻ ഉയർത്തുന്നത്. അധാർമ്മികത തടയുന്നതിനായി താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്താൻ ഉത്തരവിട്ടത്. തങ്ങളുടെ ആഭ്യന്തരവും ബാഹ്യവുമായ ആശയവിനിമയങ്ങൾക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യൽ മീഡിയയെയും താലിബാൻ വളരെയധികം ആശ്രയിക്കുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനമെന്നത് മറ്റ് രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
'ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ' ഷട്ട്ഡൗൺ തുടരുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കാൻ പോവുകയാണ്, തിങ്കളാഴ്ച രാത്രിയോടെ ഇത് ഘട്ടംഘട്ടമായി സംഭവിക്കും, എണ്ണായിരം മുതൽ ഒൻപതിനായിരം വരെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ പ്രവർത്തനരഹിതമാകുമെന്നും പേരുവെളിപ്പെടുത്തതാണ് ആഗ്രഹിക്കാത്ത ഇദ്ദേഹം പറഞ്ഞു.