ബ്രിട്ടനിലെ കോംബ്രിഡ്ജ്ഷറില്‍ ട്രെയ്‌നില്‍ കത്തികൊണ്ട് ആക്രമണം. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 9 പേരുടെ നില അതീവ ഗുരുതരമാണ്. പ്രകോപനമില്ലാതെ യാത്രക്കാരെ കുത്തിവീഴ്ത്തിയ അക്രമി സംഘത്തിലെ 2 പേരെ അറസ്റ്റ് ചെയ്തു. നടുക്കുന്ന സംഭവമെന്നാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്. അക്രമണത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.
പ്രാദേശിക സമയം വൈകുന്നേരം 6.25ന് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരു പ്രകോപനവുമില്ലാതെയാണ് അക്രമിസംഘം ആക്രമണം അഴിച്ചുവിട്ടത്. നടന്നത് ഭീകരാക്രമണമാനോ ഏത് രാജ്യക്കാര്‍ക്കാണ് പരിക്കേറ്റത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഡോണ്‍ കാസ്റ്ററില്‍ നിന്ന് ലണ്ടനിലെ കിംഗ്‌സ് ക്രോസ് സ്റ്റേഷനിലേക്ക് ഓടുകയായിരുന്ന ട്രെയിനിലാണ്‍ ആക്രമണം നടന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സ്ഥിരീകരിച്ചു.