ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കാന്‍ സന്നദ്ധമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബ്ലൂം ബര്‍ഗിന്റെ ഒരു അഭിമുഖ പരിപാടിക്കിടെയാണ് നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ ഐസിസി ഉത്തരവ് പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് കാര്‍ണി വ്യക്തമാക്കിയത്.
2024 നവംബറിലാണ് ഇസ്രായേലി നേതാക്കളായ ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസ സംഘര്‍ഷത്തിനിടെ പട്ടിണിയെ യുദ്ധമുറയാക്കി ഉപയോഗിച്ചതിലും മറ്റ് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇരുവരും ഉത്തരവാദികളാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് വാറന്റ്.
ഐസിസിയിലെ ഒരംഗ രാജ്യമെന്ന നിലയില്‍ കോടതിയുടെ തീരുമാനങ്ങളുമായി സഹകരിക്കാന്‍ കാനഡ നിയമപരമായി ബാധ്യസ്ഥമാണ്. ഐസിസി പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറന്റുകള്‍ നടപ്പിലാക്കുന്നതും ഇതില്‍ ഉള്‍പ്പെടുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കാര്‍ണിയുടെ പരാമര്‍ശങ്ങള്‍ സമ്മിശ്ര പ്രതികരണങ്ങലാണ് ആഗോളതലത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.ഇത്തരം നടപടികള്‍ നയതന്ത്ര ബന്ധങ്ങളെ വഷളാക്കുമെന്ന് ഇസ്രായേലി നയതന്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.