പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക് വാദം അംഗീകരിക്കാതെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍. യുഎന്നിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനുമായി അടുത്തബന്ധമുള്ള ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയ്ക്ക് ആക്രമണവുമായുള്ള ബന്ധമാണ് പാകിസ്ഥാന് മുന്നില്‍ ആദ്യം ചോദ്യമായെത്തിയത്.
ഇന്ത്യയുമായുള്ള പ്രശ്‌നം അന്താരാഷ്ട്ര പ്രശ്‌നമാക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങളും യുഎന്നില്‍ ഫലം കണ്ടില്ല. പ്രശ്‌നങ്ങള്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിര്‍ദേശമാണ് അംഗ രാജ്യങ്ങളില്‍ നിന്നും വന്നത്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ തിരിച്ചറിയേണ്ടതുണ്ടെന്നും പാകിസ്ഥാന്റെ പെട്ടെന്നുണ്ടായ മിസൈല്‍ പരീക്ഷണം കാര്യങ്ങള്‍ വഷളാക്കുമെന്ന ആശങ്കയുമാണ് പല രാജ്യങ്ങളും പങ്കുവെച്ചത്. അതേസമയം അനൗപചാരികമായി നടന്ന സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും യുഎന്‍ നടത്തിയിട്ടില്ല. പാകിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ചായിരുന്നു യുഎന്‍ പ്രസ്താവന പുറത്തിറക്കാതിരുന്നത്.