ലോകരാജ്യങ്ങളെല്ലാം കൊറോണ ഭീതിയിലാണ്. ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്. ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വുഹാനിൽ എവിടെയാണെന്നും ആര്‍ക്കാണെന്നതും അധികമാർക്കും അറിയില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് പുറത്ത് വിട്ടിരിക്കുന്നത്.
വുഹാനിലെ ഹുവാനന്‍ മത്സ്യമാര്‍ക്കറ്റില്‍ ചെമ്മീന്‍ കച്ചവടം നടത്തുന്ന വൈഗുയ്ഷിയാനിലാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചതെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. 2019 ഡിസംബറിലാണ് ഇവർക്ക് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ജലദോഷം, ശ്വാസതടസ്സം, എന്നീ ലക്ഷണങ്ങളുമായിട്ടായിരുന്നു ഇവര്‍ 2019 ഡിസംബര്‍ 10 ന് ആശുപത്രിയില്‍ എത്തിയത്. സാധാരണ പനിയാണന്നായിരുന്നു ആദ്യം ഡോക്ടർമാർ പറഞ്ഞത്.
പനി വിട്ടുമാറാത്തതിനെത്തുടര്‍ന്ന് ഇവര്‍ അടുത്തുള്ള പ്രാദേശിക ക്ലിനിക്കിലും പോയിരുന്നു. അവിടെ നിന്ന് കുത്തിവയ്പ് എടുത്തു വന്നെങ്കിലും രോഗം ഭേദമായില്ല. തുടർന്ന് ഇവർ വുഹാനിലെ ‘ഇലവൻത് ഹോസ്പിറ്റലി’ൽ ചികിത്സ തേടി. അപ്പോഴും രോഗം ഭേദമായില്ല. ശേഷം, ഡിസംബർ 16ന് ഇവർ വുഹാനിലെ ഏറ്റവുമധികം സൗകര്യങ്ങളുള്ള വുഹാൻ യൂണിയൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്നാണ് ഇവർക്ക് കൊവിഡ്19 ആണെന്ന് സ്ഥിരീകരണം ഉണ്ടാകുന്നത്.
ജനുവരിയിൽ ഗുയ്ഷിയാൻ ആരോഗ്യം വീണ്ടെടുത്തു. തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍ നിന്നാണെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. വുഹാനിൽ ആദ്യം ചികിത്സ തേടിയെത്തിയ 27 പേരിൽ വൈയും ഉൾപ്പെട്ടിട്ടുള്ളതായി വുഹാൻ മുനിസിപ്പൽ ആരോഗ്യകമ്മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കാണോ ആദ്യം രോഗം പിടിപെട്ടതെന്ന കാര്യത്തിൽ വുഹാൻ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.