ഐപിഎല്‍ താരലേലത്തില്‍ 10.75 കോടി രൂപയ്ക്ക് വിളിച്ചെടുത്തിട്ടും സീസണിലെ പത്തോളം മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു മത്സരത്തില്‍ പോലും തമിഴ്നാട് താരമായ ടി നടരാജന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് അവസരം നല്‍കിയിട്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം സ്ഥിരമായി മുകേഷ് കുമാറും മോഹിത് ശര്‍മയുമാണ് ഡല്‍ഹി ടീമിനായി കളിക്കാറുള്ളത്. കഴിഞ്ഞ ദിവസം ആര്‍സിബിയോട് തോറ്റതിന് പിന്നാലെ വലിയ വിമര്‍ശനമാണ് നടരാജനെ കളിപ്പിക്കാത്തതിനെതിരെ ഉയര്‍ന്നത്. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ടീം മെന്ററായ കെവിന്‍ പീറ്റേഴ്‌സണ്‍.
നിലവിലെ സാഹചര്യത്തില്‍ ഇമ്പാക്ട് പ്ലെയര്‍ ഉള്‍പ്പടെ 12 പേരെ കളിപ്പിക്കാനാകും. നടരാജനെ ഈ ടീമില്‍ എവിടെ ഉള്‍ക്കൊള്ളിക്കുമെന്ന് കൂടി പറഞ്ഞാല്‍ ഉപകാരം. 13-14 താരങ്ങളെ ഉള്‍പ്പെടുത്താനാകുന്ന തരത്തിലുള്ള രീതി കൊണ്ടുവന്ന് സഹായിച്ചാല്‍ അത് സഹായകമായിരിക്കും. അല്ലെങ്കില്‍ നടരാജനെ എങ്ങനെ കളിപ്പിക്കും. പീറ്റേഴ്‌സണ്‍ ചോദിച്ചു.
നടരാജനെ പറ്റി ഒരു കാര്യം പറയാം. ടീമിനെ മറ്റ് താരങ്ങളെ പോലെ അദ്ദേഹവും ടീമിനെ സഹായിക്കുന്നുണ്ട്. ഏറ്റവും മികച്ച താരങ്ങള്‍ക്ക് പോലും ടീമില്‍ ഇടമില്ല എന്നത് ടീമിന്റെ വലുപ്പമാണ് കാണിക്കുന്നത്. അവരല്ലാം പ്രതീക്ഷയോടെ അവസരത്തിനായി കാത്തിരിക്കുകയാണ്. നെറ്റ്‌സില്‍ മികച്ച രീതിയിലാണ് നടരാജന്‍ പന്തെറിയുന്നതെന്നും അധികം വൈകാതെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന സൂചനയും പീറ്റേഴ്‌സണ്‍ നല്‍കി.ഡോണോവന്റെ കാര്യം നോക്കു. കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ അദ്ദേഹം കളിച്ചു. ആവശ്യപ്പെട്ട നിമിഷം തന്നെ ഇറങ്ങാന്‍ അവന്‍ തയ്യാറായി. ഇനിയും ഇത്തരത്തില്‍ സംഭവിക്കാം. നടരാജന്റെ കാര്യവും വ്യത്യസ്തമല്ല. പീറ്റേഴ്‌സണ്‍ പറഞ്ഞു.