ലഖ്‌നൗവിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഐപിഎല്ലില്‍ നിര്‍ണായക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ലഖ്‌നൗവിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തിയിരുന്നു. മത്സരത്തില്‍ ബാറ്റര്‍മാര്‍ക്കൊപ്പം ബൗളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവും സ്വന്തമാക്കി മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.
മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ഐപിഎല്ലില്‍ മുംബൈയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ എന്ന ലസിത് മലിംഗയുടെ റെക്കോര്‍ഡ് നേട്ടം ബുമ്ര മറികടന്നു. 170 വിക്കറ്റുകളാണ് മുംബൈ ജേഴ്‌സിയില്‍ മലിംഗ നേടിയിരുന്നത്. മത്സരത്തില്‍ റിയാന്‍ റിക്കിള്‍ട്ടണിന്റെയും (58) സൂര്യകുമാര്‍ യാദവിന്റെയും (54) പ്രകടനങ്ങളുടെ മികവില്‍ 215 റണ്‍സാണ് മുംബൈ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന്റെ പോരാട്ടം 161 റണ്‍സില്‍ അവസാനിച്ചിരുന്നു. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര നാലും ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും വിക്കറ്റുകള്‍ നേടി.