Royal Challengers Bengaluru: പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബി; ഡല്‍ഹിക്കെതിരെ ജയം
ക്രുണാല്‍ പാണ്ഡ്യ (47 പന്തില്‍ പുറത്താകാതെ 73), വിരാട് കോലി (47 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി
Royal Challengers Bengaluru
Royal Challengers Bengaluru: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആറ് വിക്കറ്റ് ജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫിലേക്ക്. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ ആര്‍സിബി ലക്ഷ്യം കണ്ടു.
ക്രുണാല്‍ പാണ്ഡ്യ (47 പന്തില്‍ പുറത്താകാതെ 73), വിരാട് കോലി (47 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 26-3 എന്ന നിലയില്‍ തകര്‍ന്ന ആര്‍സിബിയെ ക്രുണാലും കോലിയും ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടിം ഡേവിഡ് (അഞ്ച് പന്തില്‍ 19) പുറത്താകാതെ നിന്നു.
കെ.എല്‍.രാഹുല്‍ (39 പന്തില്‍ 41), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (18 പന്തില്‍ 34), അഭിഷേക് പോറല്‍ (11 പന്തില്‍ 28), ഫാഫ് ഡു പ്ലെസിസ് (26 പന്തില്‍ 22) എന്നിവര്‍ മാത്രമാണ് ഡല്‍ഹിക്കായി ഭേദപ്പെട്ട നിലയില്‍ കളിച്ചത്. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 33 വഴങ്ങി മൂന്ന് വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി. ക്രുണാലിനും യാഷ് ദയാലിനും ഓരോ വിക്കറ്റ്.
10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് ജയവും മൂന്ന് തോല്‍വിയുമായി 14 പോയിന്റോടെ ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ചു. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു ഇനി ആര്‍സിബിയുടെ ലക്ഷ്യം.