ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലുള്ള ആവേശപോരാട്ടത്തില്‍ മറ്റൊരു ആവേശപോരാട്ടം കൂടി ഇന്നലെ നടന്നിരുന്നു. മുംബൈ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയും സഹോദരനായ ക്രുണാല്‍ പാണ്ഡ്യയും തങ്ങളുടെ ടീമുകള്‍ക്കായി കച്ചക്കെട്ടി ഇറങ്ങിയപ്പോള്‍ സഹോദരന്മാര്‍ തമ്മിലുള്ള അങ്കത്തിനും മുംബൈ വാംഖഡേ സ്റ്റേഡിയം സാക്ഷിയായി. ഒരു സമയം ആര്‍സിബിയുടെ കയ്യിലുണ്ടായിരുന്ന മത്സരം ചുരുങ്ങിയ നേരം കൊണ്ടാണ് ഹാര്‍ദ്ദിക് മുംബൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്. എന്നാല്‍ ചേട്ടനായ ക്രുണാല്‍ തന്നെ ഇതിന് അവസാന ഓവറില്‍ മറുപടി നല്‍കി.
മത്സരത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. 12 ഓവറില്‍ 99 റണ്‍സിന് നാല് വിക്കറ്റെന്ന നിലയിലായിരുന്ന മുംബൈയെ ഹാര്‍ദ്ദിക്കും തിലക് വര്‍മയും ചേര്‍ന്ന കൂട്ടുക്കെട്ടാണ് വിജയപ്രതീക്ഷ നല്‍കിയത്. പതിയെ തുടങ്ങി ഗിയര്‍ മാറ്റിയ തിലക് വര്‍മയ്‌ക്കൊപ്പം ഹാര്‍ദ്ദിക് കൂടി എത്തിയതോടെയാണ് മുംബൈ ഇന്നിങ്ങ്‌സിന് ജീവന്‍ വെച്ചത്. 13മത്തെ ഓവറില്‍ 17 റണ്‍സ് നേടി മുംബൈ മത്സരത്തില്‍ തിരിച്ചെത്തി. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ മത്സരത്തിലെ 14മത്തെ ഓവറില്‍ 2 ബൗണ്ടറിയും 2 സിക്‌സറും സഹിതം 22 റണ്‍സാണ് ഹാര്‍ദ്ദിക് പാണ്ഡ്യ അടിച്ചുകൂട്ടിയത്.
മത്സരത്തിന്റെ പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയേയും ഹാര്‍ദ്ദിക് വെറുതെ വിട്ടില്ല. രണ്ടാം പന്തും മൂന്നാം പന്തും അതിര്‍ത്തി കടത്തി ക്രുണാലിനെ ഹാര്‍ദ്ദിക് അപമാനിച്ചാണ് മടക്കിയയച്ചത്. ഇതോടെ പതിനഞ്ച് ഓവറുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈ 4ന് 157 എന്ന ശക്തമായ നിലയിലെത്തി.17മത്തെ ഓവറില്‍ തിലക് വര്‍മ അര്‍ധസെഞ്ചുറി തികച്ച് മടങ്ങുമ്പോള്‍ മുംബൈയ്ക്ക് നേടാവുന്ന സ്‌കോര്‍ മാത്രമെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നുള്ളു. നേരിട്ട ആദ്യപന്ത് തന്നെ സിക്‌സര്‍ പറത്തി തുടങ്ങിയ നമന്‍ ധിര്‍ മുംബൈ അനായാസമായി വിജയിക്കുമെന്ന സൂചനയാണ് നല്‍കിയത്.
എന്നാല്‍ പതിനെട്ടാം ഓവറില്‍ ഭുവനേശ്വര്‍ കുമാറും പത്തൊമ്പതാം ഓവറില്‍ ഹേസല്‍വുഡും ആര്‍സിബി ബാറ്റിംഗിനെ പിടിച്ചുനിര്‍ത്തി. പത്തൊമ്പതാം ഓവറില്‍ ഹേസല്‍വുഡിനെ സിക്‌സടിചക്കാന്‍ ശ്രമിച്ച് ഹാര്‍ദ്ദിക് മടങ്ങി. 15 പന്തില്‍ 3 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 42 റണ്‍സാണ് പാണ്ഡ്യ നേടിയത്. അഞ്ചാം പന്തില്‍ ഹേസല്‍വുഡിനെതിരെ സിക്‌സര്‍ നേടി മിച്ചല്‍ സാന്റനര്‍ സമ്മര്‍ദ്ദം അകറ്റി. ഇതോടെ 19 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 203ന് 6 എന്ന നിലയിലായിരുന്നു മുംബൈ. അവസാന ഓവറില്‍ ഇതോടെ വിജയലക്ഷ്യം 19 ആയി ചുരുങ്ങി.
അവസാന ഓവറില്‍ മുംബൈ വിജയിക്കാന്‍ വമ്പനടി വേണമെന്ന ഘട്ടത്തില്‍ സ്പിന്നറായ ക്രുണാല്‍ പാണ്ഡ്യയാണ് ആര്‍സിബിക്കായി ബൗള്‍ ചെയ്യാനെത്തിയത്. അവസാന ഓവറിലെ ആദ്യപന്തില്‍ സാന്റനറിനെയും തൊട്ടടുത്ത പന്തില്‍ ദീപക് ചാഹറിനെയും മടക്കി ക്രുണാല്‍ മത്സരത്തിന്റെ ഗതി തിരിച്ചു. അവസാന 3 പന്തില്‍ 17 റണ്‍സ് വേണമെന്ന നിലയില്‍ ആദ്യ പന്തില്‍ നമന്‍ ധിര്‍ ബൗണ്ടറി കണ്ടെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ധിറിനെയും ക്രുണാല്‍ മടക്കി. അവസാന ഓവറില്‍ 3 വിക്കറ്റുകള്‍ നേടിയ ക്രുണാല്‍ വിട്ടുകൊടുത്തത് 6 റണ്‍സ് മാത്രം. ഇതോടെ മത്സരം ആര്‍സിബി വിജയിക്കുകയും ചെയ്തു. നിനക്കെന്ന സിക്‌സറുകള്‍ പറത്താന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഞാന്‍ ചേട്ടനാണെന്ന് മറക്കരുത് എന്നുള്ള ക്രുണാലിന്റെ പ്രഖ്യാപനം കൂടിയായി മത്സരത്തിലെ അവസാന ഓവര്‍.