RCB vs CSK in Chepauk: 17 വര്‍ഷത്തെ കാത്തിരിപ്പ്; ചെപ്പോക്കില്‍ ജയിച്ച് ആര്‍സിബി
2008 നു ശേഷമാണ് ചെപ്പോക്കില്‍ ആര്‍സിബി ജയിക്കുന്നത്
RCB vs CSK in Chepauk: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ വിജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചെപ്പോക്കില്‍ ആര്‍സിബിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 50 റണ്‍സിന്റെ കലക്കന്‍ വിജയമാണ് ആര്‍സിബി ചെപ്പോക്കില്‍ സ്വന്തമാക്കിയത്.
2008 നു ശേഷമാണ് ചെപ്പോക്കില്‍ ആര്‍സിബി ജയിക്കുന്നത്. 2008 ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ആണ് ഇതിനു മുന്‍പ് ആര്‍സിബി ചെന്നൈയെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കുന്നത്. അന്ന് 14 റണ്‍സിനാണ് ആര്‍സിബിയുടെ ജയം.
ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ചെപ്പോക്കില്‍ ഇരുവരും 10 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് ജയവും ചെന്നൈയ്ക്ക് ഒപ്പമാണ്. രണ്ട് തവണയാണ് ആര്‍സിബിക്ക് ജയിക്കാന്‍ സാധിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ ആര്‍സിബി നായകന്‍ രജത് പാട്ടീദര്‍ ആണ് കളിയിലെ താരം. 32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 51 റണ്‍സാണ് പാട്ടീദര്‍ നേടിയത്. ഫില്‍ സാള്‍ട്ട് (16 പന്തില്‍ 32), വിരാട് കോലി (30 പന്തില്‍ 31), ദേവ്ദത്ത് പടിക്കല്‍ (14 പന്തില്‍ 27), ടിം ഡേവിഡ് (എട്ട് പന്തില്‍ പുറത്താകാതെ 22) എന്നിവരും തിളങ്ങി.
രചിന്‍ രവീന്ദ്ര (31 പന്തില്‍ 41) മാത്രമാണ് ചെന്നൈ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. മഹേന്ദ്രസിങ് ധോണി (16 പന്തില്‍ പുറത്താകാതെ 30), രവീന്ദ്ര ജഡേജ (19 പന്തില്‍ 25) എന്നിവരും പൊരുതി നോക്കി. ആര്‍സിബിക്കായി ജോഷ് ഹെസല്‍വുഡ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. യാഷ് ദയാലിനും ലിയാം ലിവിങ്‌സ്റ്റണിനും രണ്ട് വീതം വിക്കറ്റുകള്‍.