Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു !
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.22 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
Riyan Parag: രാജസ്ഥാന്‍ റോയല്‍സ് താല്‍ക്കാലിക നായകന്‍ റിയാന്‍ പരാഗിനു ബിസിസിഐയുടെ പിഴ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് താരം പിഴയടയ്‌ക്കേണ്ടത്. 12 ലക്ഷം രൂപയാണ് പരാഗ് പിഴയായി അടയ്‌ക്കേണ്ടത്. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ഒരു ടീമിനു ലഭിക്കുന്ന ആദ്യ പിഴയാണ് ഇത്.
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.22 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മത്സരത്തില്‍ ആറ് റണ്‍സിനു രാജസ്ഥാന്‍ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
സഞ്ജു സാംസണിനു പകരമാണ് പരാഗ് രാജസ്ഥാന്റെ താല്‍ക്കാലിക നായകസ്ഥാനം വഹിക്കുന്നത്. അടുത്ത മത്സരത്തില്‍ സഞ്ജു നായകസ്ഥാനത്ത് തിരിച്ചെത്തും. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാനെ നയിക്കുക പരാഗ് ആണെന്ന് ഫ്രാഞ്ചൈസി നേരത്തെ അറിയിച്ചിരുന്നു.