Rishab Pant- Sanjiv Goenka
ഐപിഎല്‍ പതിനെട്ടാം പതിപ്പിലെ ഏറ്റവും വിലയേറിയ താരമായെത്തി ഏറ്റവും ദുരന്തം താരമായാണ് ലഖ്‌നൗ താരമായ റിഷഭ് പന്ത് സീസണ്‍ അവസാനിപ്പിക്കുന്നത്.11 കളികള്‍ പിന്നിടുമ്പോള്‍ ഒരു അര്‍ധസെഞ്ചുറിയടക്കം 128 റണ്‍സ് മാത്രമാണ് പന്ത് നേടിയിട്ടുള്ളത്. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 17 പന്തില്‍ 18 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. മത്സരത്തില്‍ അപഹാസ്യകരമായ രീതിയിലാണ് പന്ത് പുറത്തായത്.
മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ പന്ത് ഒരു കാര്‍ട്ടൂണിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് അസ്മത്തുള്ള ഒമര്‍സായ്ക്ക് തന്റെ വിക്കറ്റ് സമ്മാനിച്ചത്. മത്സരത്തിലെ എട്ടാമത്തെ ഓവറില്‍ തന്റെ ലോഫ്റ്റഡ് ഷോട്ട് കളിക്കവെ ബാറ്റില്‍ നിന്നുള്ള ഗ്രിപ്പ് പന്തിന് നഷ്ടമാവുകയായിരുന്നു. പന്ത് ഉയര്‍ന്നതിനൊപ്പം ബാറ്റും ഉയര്‍ന്നു പൊങ്ങിയതാണ് വലിയ പരിഹാസങ്ങള്‍ക്ക് ഇടയാക്കിയത്. ശശാങ്ക് സിങ്ങാണ് പന്ത് ഉയര്‍ത്തി നല്‍കിയ പന്ത് കൈപ്പിടിയിലൊതുക്കിയത്.
മത്സരത്തില്‍ പുറത്തായതിന്റെ നിരാശ മുഴുവന്‍ പുറത്ത് കാണിച്ചായിരുന്നു പന്തിന്റെ മടക്കം. അതേസമയം മത്സരം കണ്ടുകൊണ്ടിരുന്ന ലഖ്‌നൗ ടീം ഉടമയായ സഞ്ജീവ് ഗോയങ്ക ഒരു ചെറുചിരിയോടെയാണ് ഈ പുറത്താകല്‍ കണ്ടുകൊണ്ടിരുന്നത്. ഈ നോട്ടവും പന്തിന്റെ മടക്കവുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അന്നത്തെ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലുമായി സഞ്ജീവ് ഗോയങ്ക പരസ്യമായി വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നത് കഴിഞ്ഞ ഐപിഎല്ലില്‍ ചര്‍ച്ചയായിരുന്നു. ഈ ഐപിഎല്ലിലാകട്ടെ 27 കോടി കൊടുത്ത് വിളിച്ചെടുത്ത് 63 റണ്‍സിന്റെ ഒരു ഇന്നിങ്ങ്‌സല്ലാതെ മറ്റൊരു ഉപയോഗവും പന്തിനെ കൊണ്ട് ടീമിനുണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ സീസണിലേത് പോലെ പരസ്യമായുള്ള പ്രതികരനങ്ങള്‍ ഒന്നും സഞ്ജീവ് ഗോയങ്ക ഇക്കുറി നടത്തിയിട്ടില്ല. സീസണില്‍ ഉടനീളം മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചതോടെ നായകസ്ഥാനത്ത് നിന്നും പന്തിനെ നീക്കണമെന്ന ആവശ്യം ആരാധകര്‍ക്കിടയിലും ശക്തമായിരിക്കുകയാണ്.