Sanju Samson: ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള 'തല' സഞ്ജുവിന് ഇപ്പോള്‍ ഉണ്ട്; കേരളത്തിനു ലഭിക്കുമോ ഒരു ചരിത്ര നായകനെ !
കഴിഞ്ഞ സീസണ്‍ വരെ ജോസ് ബട്‌ലറും യഷസ്വി ജയ്‌സ്വാളും ആയിരുന്നു രാജസ്ഥാന്റെ തുറുപ്പുചീട്ടുകള്‍
Sanju Samson: ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ വളരെ മികവ് തെളിയിച്ചു കഴിഞ്ഞെന്ന് ആരാധകര്‍. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ തുടര്‍ച്ചയായി മൂന്നാം ജയത്തിലേക്ക് നയിച്ചിരിക്കുകയാണ് സഞ്ജു. ടീമിലെ ഓരോ താരങ്ങളെ കുറിച്ചും കൃത്യമായ വിലയിരുത്തല്‍ സഞ്ജുവിന് ഉണ്ടെന്നും ഓരോരുത്തരേയും എവിടെ ഉപയോഗിക്കണമെന്ന് അറിയാമെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ നായകനാകാനുള്ള മികവ് സഞ്ജുവിനുണ്ടെന്നും ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ സീസണ്‍ വരെ ജോസ് ബട്‌ലറും യഷസ്വി ജയ്‌സ്വാളും ആയിരുന്നു രാജസ്ഥാന്റെ തുറുപ്പുചീട്ടുകള്‍. ഈ സീസണില്‍ ഇരുവരും മോശം പ്രകടനമാണ് നടത്തിയത്. എന്നിട്ടും മറ്റു താരങ്ങളെ വെച്ച് സഞ്ജു ടീമിനെ തുടര്‍ച്ചയായി മൂന്നാം ജയത്തിലേക്ക് എത്തിച്ചു. മറ്റു ഫ്രാഞ്ചൈസികളില്‍ ആയിരുന്നപ്പോള്‍ മോശം പ്രകടനത്തിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെട്ട താരങ്ങളെ രാജസ്ഥാനില്‍ സഞ്ജു ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. സഹതാരങ്ങള്‍ക്ക് അനാവശ്യ പ്രഷര്‍ നല്‍കാതെ ടീമിനെ ചുമലിലേറ്റാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും സഞ്ജുവിന് കഴിവുണ്ടെന്നാണ് ആരധകരുടെ വാദം.
മുന്‍ സീസണുകളില്‍ റണ്‍സ് കൂടുതല്‍ വിട്ടുകൊടുക്കുന്നതിന്റെ പേരില്‍ പഴികേട്ട താരമാണ് ആവേശ് ഖാന്‍. എന്നാല്‍ ഈ സീസണില്‍ രാജസ്ഥാന്റെ എക്‌സ് ഫാക്ടര്‍ ബൗളറാണ് താരം. സഞ്ജു ഡെത്ത് ഓവറുകള്‍ വിശ്വസിച്ചു ഏല്‍പ്പിക്കുന്നത് ആവേശിനെയാണ്. ക്യാപ്റ്റന്റെ വിശ്വാസം കാക്കാന്‍ ആവേശും പരമാവധി ശ്രമിക്കുന്നു. ഒരു നല്ല നായകന് മാത്രമേ ഇങ്ങനെ കളിക്കാരെ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് കാക്കാന്‍ വേണ്ടി രവിചന്ദ്രന്‍ അശ്വിനെ ബാറ്റിങ് ഓര്‍ഡറില്‍ മുന്നിലേക്ക് കയറ്റുന്നതും സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണ്. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഉപയോഗിക്കുന്ന രീതിയും പ്രശംസ അര്‍ഹിക്കുന്നു. സഞ്ജുവിലെ നായകന്റേയും വിക്കറ്റ് കീപ്പറുടെയും മികവാണ് ചഹലിനു ലഭിക്കുന്ന മിക്ക വിക്കറ്റുകളും. ഇരുവരും തമ്മിലുള്ള കണക്ഷന്‍ രാജസ്ഥാന്റെ വിജയങ്ങളില്‍ നിര്‍ണായകമാണ്. മോശം പ്രകടനത്തിന്റെ പേരില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ട റിയാന്‍ പരാഗിനെ വിശ്വാസത്തിലെടുക്കുകയും ബാറ്റിങ് ഓര്‍ഡറില്‍ മുന്നിലേക്ക് കയറ്റുകയും ചെയ്തത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണെന്നും ആരാധകര്‍ പറയുന്നു.