ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്ലേ ഓഫ് യോഗ്യത നേടികൊടുത്ത നായകന്‍ ശ്രേയസ് അയ്യരിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. 2024ല്‍ കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടനേട്ടത്തിലേക്ക് നയിച്ചത് ശ്രേയസ് ആയിരുന്നെങ്കിലും ഡഗൗട്ടില്‍ ഇരുന്നവരാണ് അതിന്റെ ക്രെഡിറ്റ് കൊണ്ടുപോയതെന്നും അര്‍ഹിച്ച പ്രശംസ അന്ന് ശ്രേയസിന് ലഭിച്ചില്ലെന്നും ഗവാസ്‌കര്‍ പറയുന്നു. 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായിരുന്ന ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ടാണ് ഗവാസ്‌കറുടെ പ്രസ്താവന.
ഐപിഎല്ലില്‍ കിരീടം നേടികൊടുത്തിട്ടും 2024ലെ താരലേലത്തിന് മുന്‍പായി കൊല്‍ക്കത്ത ശ്രേയസ് അയ്യരെ റിലീസ് ചെയ്തിരുന്നു. താരലേലത്തില്‍ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. ബാറ്ററെന്ന നിലയില്‍ 11 മത്സരങ്ങളില്‍ നിന്നും 50.63 ശരാശരിയില്‍ 405 റണ്‍സ് ശ്രേയസ് ഇതിനകം പഞ്ചാബിനായി നേടികഴിഞ്ഞു. നായകനെന്ന നിലയില്‍ 2014ന് ശേഷം ആദ്യമായി പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാനും ശ്രേയസിനായി. ഇതോടെയാണ് നായകനാണ് ഡഗൗട്ടില്‍ ഇരിക്കുന്നവരല്ല മൈതാനത്ത് തീരുമാനമെടുക്കുന്നതെന്ന പ്രതികരണവുമായി ഗവാസ്‌കര്‍ രംഗത്ത് വന്നത്. ഈ വര്‍ഷം പഞ്ചാബിന്റെ ഹെഡ് കോച്ച് റിക്കി പോണ്ടിംഗാണ്. അനാവശ്യമായ ക്രെഡിറ്റ് പോണ്ടിംഗ് എടുക്കുന്നില്ല. ശ്രേയസിന് അതുകൊണ്ട് തന്നെ നീതി ലഭിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ആളുകള്‍ അവനെ അംഗീകരിക്കുന്നു. ഗവാസ്‌കര്‍ പറഞ്ഞു.
നേരത്തെ 2019ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലില്‍ എത്തിക്കുമ്പോള്‍ കോച്ചായി റിക്കി പോണ്ടിംഗും നായകനായി ശ്രേയസ് അയ്യരുമാണ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്. പഞ്ചാബ് കിംഗ്‌സില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ 10 വര്‍ഷത്തിന് ശേഷം പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാനും ഈ ജോഡിക്കായി.