ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളില്‍ വലയുകയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായിട്ടും 2025 സീസണില്‍ കാര്യമായ ഒരു പ്രകടനം പോലും നടത്താന്‍ ചെന്നൈയ്ക്കായിട്ടില്ല. കളിച്ച 8 മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ട് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ചെന്നൈ. മുംബൈക്കെതിരായ മത്സരത്തിലും പരാജയപ്പെട്ടതോടെ പ്ലേ ഓഫ് കാണാതെ ചെന്നൈ മടങ്ങാനുള്ള സാധ്യതകളും ഏറിയിരിക്കുകയാണ്.
ഇപ്പോഴിതാ ചെന്നൈയുടെ മോശം പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ചെന്നൈ താരമായ സുരേഷ് റെയ്‌ന. ടീമിന്റെ പരിശീലകനും മാനേജ്‌മെന്റും താരലേലത്തില്‍ ഏര്‍പ്പെട്ടത് ശരിയായ രീതിയിലല്ലെന്നും കഴിവുള്ള ഒട്ടേറെ യുവതാരങ്ങളുണ്ടായിട്ടും ആരെയും ടീമിലെത്തിക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ലെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ റെയ്‌ന പറഞ്ഞു.
കളിക്കാരെ തിരഞ്ഞെടുക്കാനുള്ള പണം ഉണ്ടായിട്ടും റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ക്കായൊന്നും ചെന്നൈ ശ്രമിച്ചില്ല. എത്ര ആക്രമണാത്മകമായാണ് മറ്റ് ടീമുകള്‍ കളിക്കുന്നത്. ഇങ്ങനെ ബുദ്ധിമുട്ടുന്ന ചെന്നൈയെ ഇതിന് മുന്‍പ് കണ്ടിട്ടില്ല. റെയ്‌ന പറഞ്ഞു.