Virat Kohli Health Updates: കളിയാക്കിയവർക്കു ഇത് അറിയാമോ? കോലി കളിച്ചത് കനത്ത പനിയും സഹിച്ച് !
കോലിയുടെ മെല്ലെപ്പോക്കാണ് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയത്
Publish Date: Mon, 13 Apr 2026 (14:07 IST)
Updated Date: Mon, 13 Apr 2026 (14:17 IST)
Virat Kohli: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 18 റൺസിനു തോൽപ്പിച്ചെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകർ അടക്കം വിരാട് കോലിയെ ട്രോളുന്ന തിരക്കിലായിരുന്നു. ബാറ്റിങ്ങിനു അനുകൂലമായ പിച്ചിൽ 38 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 50 റൺസെടുത്താണ് കോലി പുറത്തായത്. 131.58 മാത്രമാണ് താരത്തിന്റെ സ്‌ട്രൈക് റേറ്റ്.
കോലിയുടെ മെല്ലെപ്പോക്കാണ് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയത്. ട്വന്റി 20 കളിക്കുന്നത് ഏകദിനം കളിക്കുന്ന ശൈലിയിൽ ആണല്ലോയെന്ന് പോലും വിമർശനവും പരിഹാസവും ഉയർന്നിരുന്നു. എന്നാൽ കനത്ത പനിയും ശരീരവേദനയും വെച്ചാണ് കോലി മുംബൈയ്‌ക്കെതിരെ ബാറ്റ് ചെയ്തത്.
ആർസിബിക്കു വേണ്ടി കോലി ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. രണ്ടാം ഇന്നിങ്‌സിൽ കോലി ജാക്കറ്റ് ധരിച്ച് ഡ്രസിങ് റൂമിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താരത്തിനു കലശലായ പനിയും ജലദോഷവും ഉണ്ടായിരുന്നു. കോലി അർധ സെഞ്ചുറി നേടിയപ്പോൾ കമന്ററി ബോക്‌സിൽ നിന്ന് രവി ശാസ്ത്രിയാണ് പനിയുടെ വിവരം പുറത്തുവിട്ടത്. നിലവിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പൂർണ വിശ്രമത്തിലാണ് താരം ഇപ്പോൾ.