Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 27 കോടിക്കാണ് ഇത്തവണ താരലേലത്തില്‍ റിഷഭ് പന്തിനെ സ്വന്തമാക്കിയത്
Rishabh Pant: വ്യത്യസ്തമായ അഭിപ്രായങ്ങളുടെയും തത്ത്വങ്ങളുടെയും പേരിലാണ് റിഷഭ് പന്തിനെ നിലനിര്‍ത്താതിരുന്നതെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാള്‍. പ്രതിഫലം കൂടുതല്‍ ചോദിച്ചതിനാല്‍ ഡല്‍ഹി പന്തിനെ ഒഴിവാക്കിയെന്ന് നേരത്തെ ചില ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഫലം ഒരു പ്രശ്‌നമേ ആയിരുന്നില്ലെന്നും മറ്റു ചില കാര്യങ്ങളെ തുടര്‍ന്നാണ് പന്തിനെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും ജിന്‍ഡാള്‍ പറഞ്ഞു.
' ഫ്രാഞ്ചൈസിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെ കുറിച്ച് അദ്ദേഹത്തിനു (റിഷഭ് പന്ത്) ചില വീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളുടേത് അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ആ വ്യത്യാസമാണ് പന്ത് ഡല്‍ഹി വിടാന്‍ കാരണം. പ്രതിഫലത്തിനു ഇതില്‍ യാതൊരു പങ്കുമില്ല,' ജിന്‍ഡാള്‍ പറഞ്ഞു.
റിഷഭിനു പണം ഒരു പ്രശ്‌നമായിരുന്നില്ല. ഞങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള നിലപാട് വ്യത്യാസങ്ങള്‍ മാത്രമായിരുന്നു ഇതിനു കാരണം. അവസാന നിമിഷം വരെ ഞങ്ങള്‍ പരിശ്രമിച്ചു, അദ്ദേഹവും (പന്ത്) അങ്ങനെ തന്നെ. എന്തായാലും ഒരു മാറ്റത്തിനുള്ള സമയമായെന്ന് അവസാനം പന്ത് തീരുമാനിക്കുകയായിരുന്നു - ജിന്‍ഡാള്‍ കൂട്ടിച്ചേര്‍ത്തു.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 27 കോടിക്കാണ് ഇത്തവണ താരലേലത്തില്‍ റിഷഭ് പന്തിനെ സ്വന്തമാക്കിയത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്നു പന്ത്.