Mumbai Indians: വില്‍ ജാക്‌സ് ഇപ്പോള്‍ എത്തും, പക്ഷേ പ്ലേ ഓഫില്‍ കളിക്കില്ല; മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ ആശങ്ക
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്കു ശേഷം താരം ഇംഗ്ലണ്ടിലേക്കു തിരിച്ചുപോകും
Mumbai Indians: മുംബൈ ഇന്ത്യന്‍സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ് തിരിച്ചെത്തുന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവച്ചതോടെ ജാക്‌സ് നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ താരം തിരിച്ചെത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഇന്ത്യയിലേക്ക് വരുന്നതായി ജാക്‌സ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൂചന നല്‍കി.
അതേസമയം പ്ലേ ഓഫ് കളിക്കാന്‍ വില്‍ ജാക്‌സ് ഉണ്ടാകില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്കു ശേഷം താരം ഇംഗ്ലണ്ടിലേക്കു തിരിച്ചുപോകും. അതായത് മുംബൈ ഇന്ത്യന്‍ പ്ലേ ഓഫില്‍ കയറിയാലും ജാക്‌സിനു ടീമിന്റെ ഭാഗമാകാന്‍ സാധിക്കില്ല. ദേശീയ ടീമിലെ ചുമതലകള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ജാക്‌സ് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ വില്‍ ജാക്‌സ് ഇടംപിടിച്ചിട്ടുണ്ട്.
മുംബൈയുടെ 12 മത്സരങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നു. ഈ രണ്ട് മത്സരങ്ങള്‍ക്കു ശേഷം വില്‍ ജാക്‌സ് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകും. പ്ലേ ഓഫില്‍ കയറിയാല്‍ വില്‍ ജാക്‌സിനു പകരം മുംബൈ ഇന്ത്യന്‍സ് ടീമില്‍ സ്ഥാനം പിടിക്കുക ഇംഗ്ലണ്ടിന്റെ തന്നെ ജോണി ബെയര്‍സ്റ്റോ ആയിരിക്കും.