ട്രോളൻ‌മാരുടെ ശ്രദ്ധക്ക്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും പെരുമാറ്റ ചട്ടം നിലവിൽ വരുന്നു !

ബുധന്‍, 20 മാര്‍ച്ച് 2019 (16:13 IST)
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ പെരുമാറ്റ ചട്ടം നിലവിൽ വരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാർത്തകളും പ്രചരണങ്ങളും തടയുന്നതിന് പ്രത്യേക മാനദണ്ഡം രൂപീകരിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും സോഷ്യൽ മീഡിയ കമ്പനികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
 
ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളുമായും, വിവിധ സാമൂഹ്യമാധ്യമ സേവന ദാതാക്കളുമായും ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തീയ ചർച്ചയിലാണ് സോഷ്യൽ മീഡിയയിലെ പെരുമാറ്റ ചട്ടത്തിൽ ധാരണയായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യങ്ങൾ കമ്പനികൾ അംഗീകരിച്ചു. 
 
വ്യാജ വാർത്തകളും പ്രചരണങ്ങളും തടയുന്നതിന് പ്രധാന്യം നൽകുന്ന പെരുമാറ്റ ചട്ടമാണ് നിലവിൽ വരിക. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ‌പെട്ടാൽ ഉടൻ നടപടി സ്വീകരിക്കണം. ഓൺലൈൻ പ്രചരണത്തിനായി രാഷ്ട്രീയ പാർട്ടികൾ ചിലവഴിക്കുന്ന പണത്തിന്റെ സുതാര്യത കൂടി ഉറപ്പുവരുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൊണ്ടുവരിക.  
 
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങൾ തടയുന്നതിനായി വാട്ട്സ് ആപ്പ് ഗൂഗിളിന്റെ സഹായത്തോടെ ഇമേജ് സേർച്ച് എന്ന പുതിയ സംവിധാനം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. പ്രചരിക്കുന്ന ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായുള്ള സംവിധാനമാണ് ഇത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ, കോടതി ഉത്തരവിട്ടാൽ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും