ആലപ്പുഴ: ട്രെയിനിന്റെ വിള്ളലിലൂടെ ഫോൺ നഷ്ടമായ വിദ്യാർത്ഥിക്ക് റെയിവേ നഷ്ടപരിഹാരം നൽകണ എന്ന് കോടതി വിധി. ആലപ്പുഴ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് എം ടെക് വിദ്യാർത്ഥിയായ എ അയ്യപ്പന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
12999 രൂപയ്ക്കൊപ്പം 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേര്‍ത്ത് 27,999 രൂപയാണ് റെയിൽവേ പിഴയായി നൽകേണ്ടത്. ഷൊര്‍ണൂര്‍ സ്റ്റേഷന്‍ സൂപ്രണ്ടിൽനിന്നും തിരുവനന്തപുരം ഡിവിഷണല്‍ മാനേജരിൽനിന്നുമാണ് പിഴ ഈടാക്കുക.
ഒരു മാസത്തിനുള്ളില്‍ പിഴ നല്‍കിയില്ലെങ്കില്‍ 9 ശതമാനം പലിശയും പിന്നീടു വൈകിപ്പിച്ചാൽ 12 ശതമാനം പലിശയും ഈടാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇ എം മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റും ഷീല ജേക്കബ് അംഗവുമായ ഉപഭോക്തൃ സംരക്ഷന ഫോറമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2017 ജൂൺ 5നാണ് പരശുറാം എക്സ്പ്രസിൽ ഷൊർണൂരിൽനിന്നും കായംകുളത്തേക്ക് യാത്ര ചെയ്യവെ അയ്യപ്പന്റെ ഫോൺ കോച്ചിന്റെ വിള്ളലിലൂടെ നഷ്ടമാകുന്നത്. കോട്ടയം ആർ പി എഫിലും ഷൊർണൂർ റെയിൽവേ പൊലീസിലും ഫോൺ നഷ്ടപ്പെട്ടതയി വിദ്യാർത്ഥി പരാതി നൽകി. പിന്നീട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.