കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.
കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി ഇടിച്ചാണ് അപകടം. തിരുവാതുക്കല്‍ സ്വദേശികളായ ഉള്ളാട്ടില്‍പ്പടി തമ്പി, വത്സല, തമ്പിയുടെ മകന്‍ ബിനോയിയുടെ ഭാര്യ പ്രഭ, ബിനോയിയുടെ മകന്‍ അമ്പാടി, ഉഷ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ കാളികാവിലെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.
അമ്പാടിയാണ് കാര്‍ ഓടിച്ചിരുന്നത്. ബിനോയിക്ക് കുവൈത്തിലാണ് ജോലി. കുടുംബാംഗങ്ങളൊരുമിച്ച് പാലക്കാട്ടു പോയി മടങ്ങുകയായിരുന്നു. കാര്‍ എതിരെ വന്ന തടി ലോറിയില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറിനുള്ളില്‍ കുരുങ്ങിപ്പോയ 5 പേരെയും നാട്ടുകാരും കടുത്തുരുത്തിയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വാഹനാവശിഷ്ടങ്ങള്‍ റോഡില്‍നിന്ന് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.