ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ ഭീകരാവസ്ഥ എന്താണെന്ന് അതിർത്തിയിൽ വെച്ച് നേരിട്ടറിഞ്ഞുവെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യാ രാജ്. ജയ്സാൽമീറിൽ ഹാഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ പാക്ക് ഷെല്ലാക്രമണം നേരിൽ കാണാനിടയായെന്നും ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ ആർമി ആണെന്നും ഐശ്വര്യ പറഞ്ഞു. ഷൂട്ട് താൽക്കാലികമായി നിറുത്തി വച്ച് സംഘം കൊച്ചിയിലേക്ക് മടങ്ങുകയാണെന്നും ഐശ്വര്യ രാജ് അറിയിച്ചു.
ഐശ്വര്യയുടെ വാക്കുകൾ:
ഞാനിപ്പോൾ ജയ്സാൽമീറിലാണ്. ഹാഫ് എന്ന സിനിമയുടെ ഷൂട്ടിനായി എത്തിയതാണ്. തൽക്കാലം ഷെഡ്യൂൾ ബ്രേക്ക് ചെയ്യുന്നു. കഴിഞ്ഞ 10 ദിവസമായി രാജസ്ഥാനിലെ ജയ്‌സാൽമീറിലും പരിസരത്തുമായി 'ഹാഫ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. 200 ഓളം വരുന്ന മലയാള സിനിമാ സംഘമാണ് ജയ്‌സാൽമീറിലുള്ളത്. ഇത് മോക് ഡ്രിൽ അല്ല, യഥാർത്ഥ പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ഭയമായി. ഹോട്ടൽ മുറിയിലെ ടിവി സെറ്റ് ഓണാക്കിയ ശേഷമാണ് കാര്യങ്ങൾ ഭീകരമാണെന്ന് എനിക്ക് മനസ്സിലായത്.
തുടർന്ന് ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. കാര്യങ്ങൾ വഷളായതിനാൽ ഞങ്ങൾക്ക് മടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. കഴിഞ്ഞ ദിവസം ആകാശത്ത് കണ്ട കാഴ്‌ച്ച ഭയപ്പെടുത്തുന്നതാണ്. അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ചിത്രീകരണം പ്ലാൻ ചെയ്‌തിരുന്നത്. എന്നാൽ ഇപ്പോൾ അത് സാധ്യമല്ല. ഞങ്ങളെല്ലാവരും വാഹനം എത്തുന്നതിനായുളള കാത്തിരിപ്പിലാണ്. ഞങ്ങൾ ഇവിടെ നിന്നും റോഡ് മാർഗം അഹമ്മദാബാദിലേക്ക് പോകും, അവിടെ നിന്ന് കൊച്ചിയിലേക്കും പോകും.
ഇന്നലെ എല്ലാം സാധാരണഗതിയിലായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഇവിടെ അടുത്ത ഢാബയിൽ പോയപ്പോൾ പെട്ടെന്ന് വലിയ ശബ്‌ദവും വെളിച്ചവുമൊക്കെ വന്നു. ഹോട്ടലിലെ ലൈറ്റ് മുഴുവൻ ഓഫ് ചെയ്‌തു. ആദ്യം മോക് ഡ്രിൽ എന്നാണ് കരുതിയത്. പിന്നീടാണ് മനസ്സിലായത് ഇത് മോക് ഡ്രിൽ അല്ല, ശരിക്കും യുദ്ധമാണ് നടക്കുന്നതെന്ന്.
ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം ഇന്ത്യൻ ആർമിയാണ്. എല്ലാവരെയും സുരക്ഷിതരാക്കി സേന ചെയ്യുന്നത് വലിയൊരു ജോലിയാണ്. ഇതെല്ലാം കൺമുന്നിൽ കാണുന്നത് അത്ര സുഖകരമായ ഒരു അനുഭവമല്ല. ഇവിടെയുള്ള ആളുകളെ കുറിച്ചോർക്കുമ്പോൾ ശരിക്കും സങ്കടം തോന്നുന്നുണ്ട്. കാരണം മറ്റൊരിടത്തേയ്‌ക്ക് പോകാൻ നമുക്കൊക്കെ അവസരവും സ്ഥലവും ഉണ്ട്. എന്നാൽ ഇവിടെ ഉള്ളവർക്ക് അതില്ല.
ഇന്നലെവരെ ഇവിടെയുള്ള നല്ല ആളുകളുമായി കളിച്ചും ചിരിച്ചും നിന്നു. എന്നിട്ട് ഇന്ന് ഞാൻ ഇവിടെ നിന്നും സുരക്ഷിതമായ മറ്റൊരിടത്തേക്ക് പോകുകയാണ്. പക്ഷേ അവർക്ക് അതിന് കഴിയുന്നില്ല. ഇവിടെയുള്ള നല്ല മനുഷ്യർക്ക് ഒരു ആപത്തും വരരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അവരും നമ്മളെ പോലെ തന്നെ നിഷ്‌കളങ്കരായ മനുഷ്യരാണ്. അവരെല്ലാവരും സുരക്ഷിതരായി ഇരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.