നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. അതേസമയം കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ നടത്തിയ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ 8 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
ഒന്നാം പ്രതി എന്‍ എസ് സുനില്‍(പള്‍സര്‍ സുനി) ഉള്‍പ്പടെ 10 പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുള്ളത്. 2017 ഫെബ്രുവരി 17നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഷൂട്ടിങ്ങിനായി തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയിലായിരുന്ന നടിയെ ക്വട്ടേഷന്‍ പ്രകാരം തട്ടികൊണ്ടുപോവുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു കേസ്. പ്രതിഭാഗം 221 രേഖകളാണ് കേസില്‍ ഹാജരാക്കിയത്.
ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയ 28 പേര്‍ വിചാരണ സമയത്ത് മൊഴി മാറ്റി. മാനഭംഗം, ഗൂഡാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍. അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍,അശ്ലീല ചിത്രമെടുക്കല്‍,പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സംഭവത്തില്‍ തൊട്ടടുത്ത ദിവസം തന്നെ പള്‍സര്‍ സുനില്‍ ഉള്‍പ്പടെയുള്ളവര്‍ പോലീസിന്റെ പിടിയിലായിരുന്നു. കേസിലെ ഗൂഡാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലൈയിലാണ് ദിലീപ് അറസ്റ്റിലായത്. ദിലീപ് 83 ദിവസം ജയില്‍വാസം അനുഭവിച്ച് 2017 ഒക്ടോബറില്‍ ജാമ്യത്തില്‍ പുറത്തുവരികയായിരുന്നു.
2018-2025 വരെ നീണ്ടുനിന്ന വിചാരണയില്‍ 261 സാക്ഷികളാണ് ഉണ്ടായിരുന്നത്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍,കോവിഡ് ഇടവേള എല്ലാം ചേര്‍ന്ന് വര്‍ഷങ്ങളോളം നിയമപോരാട്ടം നീണ്ടു.കേസിലെ ഏറ്റവും നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കയ്യില്‍ ആയിരിക്കുന്ന സമയം തന്നെ പരസ്യമായി അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടതായി അന്വേഷണത്തില്‍ വെളിപ്പെട്ടത് കേസിലെ കറുത്ത അദ്ധ്യായമായി മാറിയിരുന്നു.ഹാഷ് വാല്യൂ മാറിയതോടെ, തെളിവുകളുടെ സുരക്ഷയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.മലയാള സിനിമയില്‍ സ്ത്രീകളുടെ സംഘടനയായി വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് രൂപം കൊണ്ടതും വനിതാ കലാകാരികളുടെ പ്രശ്‌നം പരിശോധിക്കാന്‍ ഹേമ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചതും ഈ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു.