Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം
കേസില്‍ അന്തിമവാദം പൂര്‍ത്തിയായി
Breaking News: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ എട്ടിനു വിധി പറയും. കേസിലെ ഒന്‍പത് പ്രതികളും അന്നേദിവസം കോടതിയില്‍ ഹാജരാകണം.
കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. കഴിഞ്ഞ ഏപ്രിലില്‍ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ ആകെ ഒന്‍പത് പ്രതികളുണ്ട്.
ജഡ്ജ് ഹണി എം വര്‍ഗീസാണ് കേസില്‍ വാദം കേട്ടത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആയിരത്തിലേറെ പേജുകള്‍ വിധിന്യായത്തില്‍ ഉണ്ടായിരിക്കും.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. ഗൂഢാലോചന കുറ്റത്തിനു ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസില്‍ സുനി ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയത്.