രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പൊതുമദ്ധ്യത്തില്‍ ആദ്യം കൊണ്ടുവന്ന നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന് വധഭീഷണി. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്ന് കളയുമെന്ന് റിനിയുടെ വടക്കന്‍ പറവൂരിലെ വീടിന് മുന്നിലെത്തി 2 പേര്‍ ഭീഷണി മുഴക്കിയതായാണ് റിനി പോലീസില്‍ പരാതി നല്‍കിയത്. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാകുമോ എന്ന ഭയത്തിലാണുള്ളതെന്ന് റിനി പറഞ്ഞു.
ഇന്നലെ രാത്രി 9 മണിയോടെ ഒരു വ്യക്തി വീടിന് മുന്നിലെത്തി ഗെയ്റ്റ് തുറക്കാന്‍ ശ്രമിച്ചെന്ന് റിനി പറയുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്നപ്പോള്‍ അയാള്‍ സ്‌കൂട്ടറെടുത്ത് സ്ഥലം വിട്ടു. അതത്ര കാര്യമാക്കിയില്ലെന്നും എന്നാല്‍ 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്നും റിനി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ നിന്നെ കൊന്നുതള്ളുമെന്നായിരുന്നു ഭീഷണി. അതിനൊപ്പം കുറെ അസഭ്യങ്ങളും വിളിച്ചുപറഞ്ഞു. പിന്നാലെ അയാള്‍ ബൈക്ക് എടുത്തുപോയി. ഹെല്‍മെറ്റ് വെച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാനായില്ല. റിനി പറഞ്ഞു. ഇന്ന് രാവിലെയാണ് റിനി പോലീസില്‍ പരാതി നല്‍കിയത്.