കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം
അസുഖം വന്ന ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികളെ കൊന്നൊടുക്കാനും അസുഖം സ്ഥിരീകരിച്ച പന്നി ഫാം അണുവിമുക്തമാക്കാനും തീരുമാനിച്ചു
കോഴിക്കോട് ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഏഴ് മുണ്ടൂരിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ കൂട്ടത്തോടെ പന്നികള്‍ ചത്തൊടുങ്ങി. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് പന്നികളില്‍ ഈ രോഗം സ്ഥിരീകരിക്കുന്നത്.
ഇരുപതോളം പന്നികള്‍ അസ്വാഭാവിക രീതിയില്‍ ചത്തതു ശ്രദ്ധയില്‍പ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ച് ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ക്ക് ലഭിച്ചത്.
അസുഖം വന്ന ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികളെ കൊന്നൊടുക്കാനും അസുഖം സ്ഥിരീകരിച്ച പന്നി ഫാം അണുവിമുക്തമാക്കാനും തീരുമാനിച്ചു. ഇതുകൂടാതെ ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി മാംസം വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതാണെന്നും നിശ്ചിതകാലയളവിലേക്ക് ഈ ഒരു കിലോമീറ്റര്‍ ചുറ്റളവിലേക്ക് പന്നികളെയോ പന്നിമാംസമോ കൊണ്ടുവരാന്‍ പാടില്ലയെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു കിലോമീറ്റര്‍ ചുറ്റളവിനു പുറത്തുള്ള ഒന്‍പതു കിലോമീറ്റര്‍ ചുറ്റളവ് സ്ഥലം നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.