സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ
സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.
സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം. വാര്‍ഷിക ലൈസന്‍സ് ഫീസായി പത്തുലക്ഷം രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാണ് പ്രവര്‍ത്തന സമയം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.
അതേസമയം എക്‌സൈസ് കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി കൂടാതെ ലൈസന്‍സ് വില്‍ക്കാനോ കൈമാറാനോ ലീസിന് നല്‍കാനോ പാടില്ല. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള ഐടി പാര്‍ക്കുകള്‍ക്കും കൊച്ചി സ്മാര്‍ട്ട് സിറ്റി പോലെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം.
ഐടി കമ്പനികളില്‍ അംഗീകാരമുള്ള സ്റ്റാഫിന് മാത്രമേ മദ്യം നല്‍കാന്‍ കഴിയു. ഓഫീസ് കെട്ടിടം അല്ലാതെ മറ്റൊരു കെട്ടിടത്തില്‍ വേണം ഇതിനുള്ള സൗകര്യം ഒരുക്കേണ്ടത്. കൂടാതെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഡ്രൈ ഡേ ദിനങ്ങളിലും മദ്യം വില്‍ക്കാന്‍ പാടില്ല.