കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴും ബിജെപിയെ പൂര്‍ണമായി തള്ളാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ബിജെപിയെ താന്‍ കുറ്റപ്പെടുത്തുന്നില്ല എന്നാണ് ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസംഗത്തിലെ പ്രധാന പരാമര്‍ശം
സഭയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴും ബിജെപിയെ പൂര്‍ണമായി തള്ളാതെ സിബിസിഐ അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് 'നിര്‍ബന്ധിത മതപരിവര്‍ത്തന' കുറ്റംചുമത്തി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബിജെപിയെ താന്‍ കുറ്റപ്പെടുത്തുന്നില്ല എന്നാണ് ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസംഗത്തിലെ പ്രധാന പരാമര്‍ശം. ബിജെപിയെ ഉദ്ദേശിച്ച് പറയുന്നതല്ലെന്നും അവര്‍ തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ആന്‍ഡ്രൂസ് താഴത്ത് പറയുന്നു.
' ഏത് തീവ്രവാദ ഗ്രൂപ്പ് ഇത്തരം കാര്യങ്ങള്‍ ചെയ്താലും തെറ്റാണ്. ഇവിടെയാണ്, ഭരിക്കുന്ന സര്‍ക്കാരിനോടു ആവശ്യമായിട്ടുള്ള സംരക്ഷണവും, ഇങ്ങനെ കന്യാസ്ത്രീകള്‍ക്ക് അവരുടെ വേഷമിട്ട് നടന്ന് ശുശ്രൂഷ ചെയ്യാന്‍, വളരെ പാവപ്പെട്ട ആളുകളെ സഹായിക്കുന്നവരാണ് അവര്‍. ഇനി അങ്ങനെയുള്ളവരൊന്നും ഇവിടെ ഉണ്ടാകാന്‍ പാടില്ല എന്നുള്ള ചിന്താഗതി ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. ഞാന്‍ അത് ഉദ്ദേശിച്ചത് ബിജെപിയെ അല്ല, ഞാന്‍ ബിജെപിയെ പറയുന്നതല്ല. അവര് സഹായിച്ചിട്ടുണ്ട്. അവരെ ഞാന്‍ പറയുന്നില്ല,' ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
അതേസമയം സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരാണ് ജയിലില്‍ തുടരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്, രാജ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.