കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ
കണ്ടകൈപറമ്പിലെ നാടക പ്രവര്‍ത്തകനായ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.
തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം ചെയ്യവെ നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ. കണ്ണൂര്‍ കണ്ടകൈ പറമ്പിലെ നാടക പ്രവര്‍ത്തകനായ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. കണ്ടകൈ കൃഷ്ണപിള്ള സ്മാരക വായനശാലയിലായിരുന്നു സംഭവം. തെരുവ് നായ ശല്യത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ തന്റെ ഏകപാത്ര നാടകമായ പേക്കാലം അവതരിപ്പിക്കുകയായിരുന്നു രാധാകൃഷ്ണന്‍.
നാടകം തുടങ്ങി അല്പസമയത്തിനകം വേദിയുടെ പിന്നില്‍ നിന്ന് കയറി വന്ന നായ വലതുകാലിന് പിന്നില്‍ കടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. നാടകത്തില്‍ തെരുവ് നായകളുടെ കടി കിട്ടുന്ന രംഗം അഭിനയിക്കുമ്പോള്‍ നായ കുരയ്ക്കുന്നതിന്റെ ശബ്ദം പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരുന്നു. ഈ സമയത്താണ് നായ സ്റ്റേജില്‍ കയറിവന്ന് നടനെ കടിച്ചത്. എന്നാല്‍ നായ സ്റ്റേജില്‍ കയറി വരുന്നതും കടിക്കുന്നതും കാണികള്‍ കണ്ടെങ്കിലും ഇത് നാടകത്തിന്റെ ഭാഗമാണെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ 10 മിനിറ്റോളം വേദന സഹിച്ച് നാടകം പൂര്‍ത്തിയാക്കിയ ശേഷമാണ് രാധാകൃഷ്ണന്‍ സംഘാടകരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.