തൃക്കാക്കരയില്‍ കാലിടറി ബിജെപി. പി.സി.ജോര്‍ജ്ജിനെ രംഗത്തിറക്കി ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് കയറി ചെല്ലാനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്കാണ് തൃക്കാക്കരയില്‍ തിരിച്ചടിയേറ്റത്. 2021 ല്‍ നിന്ന് വ്യത്യസ്തമായി വന്‍ വോട്ട് ചോര്‍ച്ചയാണ് ഇത്തവണ ബിജെപിക്കുണ്ടായത്.
സംസ്ഥാന തലത്തില്‍ ഏറെ അറിയപ്പെടുന്ന എ.എന്‍.രാധാകൃഷ്ണനെയാണ് തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. എന്നിട്ടും 2021 ല്‍ നേടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് കിട്ടിയില്ല. കുറ്റമറ്റ രീതിയില്‍ പ്രചരണം നടത്തിയെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. പക്ഷേ വോട്ട് പെട്ടിയില്‍ വീണില്ല. 15,000 വോട്ട് പോലും ബിജെപിക്ക് നേടാന്‍ സാധിക്കാത്തത് വന്‍ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
2021 ല്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയത് 15483 വോട്ടുകളാണ്. ഇത്തവണ അതിനേക്കാള്‍ കേമനായ സ്ഥാനാര്‍ഥി വന്നു, വലിയ രീതിയ്ല്‍ പ്രചരണം നടത്തി, ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ധ്രുവീകരണം നടത്തി...എന്നിട്ടും കിട്ടിയത് വെറും 12,588 വോട്ടുകള്‍. ഏകദേശം മൂവായിരം വോട്ടുകളുടെ കുറവുണ്ട്. ഇത്രയും വോട്ടുകള്‍ എങ്ങോട്ട് പോയി എന്ന് തലപുകയ്‌ക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണ്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ക്രോസ് വോട്ടിങ് നടന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇടതുപക്ഷം ഇത് ആളിക്കത്തിക്കാനാണ് സാധ്യത.