തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 17 സീറ്റിലും വിജയം
തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് സിപിഎം. ഇടതുപക്ഷത്തിനെതിരായ വ്യാജ പ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് ഈ വിജയമെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.
സിപിഎം പ്രസ്താവന പൂര്‍ണരൂപം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 17 സീറ്റിലും വിജയം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ മികച്ച മുന്നേറ്റം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡ് ഉള്‍പ്പെടെ 13 ജില്ലകളിലായി രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമപഞ്ചായത്തില്‍ 24 വാര്‍ഡില്‍ 13 വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട് വാര്‍ഡും ഇടുക്കി പഞ്ചായത്ത് വാത്തുക്കുടി വാര്‍ഡും എറണാകുളം പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പനങ്കര വാര്‍ഡും യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ നേരത്തെ തന്നെ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിനും ഇടതുമുന്നണിക്കും എതിരായി നടക്കുന്ന വ്യാജപ്രചരണങ്ങളെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് എല്‍ഡിഎഫ് വിജയം.