ദക്ഷിണാഫ്രിക്കക്കെതിരെ 30 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റിനെ പറ്റിയുള്ള തന്റെ ആശങ്കകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്ങ്‌സ് വെറും 93 റണ്‍സില്‍ അവസാനിച്ചിരുന്നു. ടി20 ക്രിക്കറ്റിന്റെയും ലീഗുകളുടെയും വരവോടെ ബാറ്റര്‍മാര്‍ക്ക് ഡിഫന്‍സില്‍ ഉണ്ടായിരുന്ന സ്‌കില്‍ നഷ്ടമാകിന്നതാണ് ഇതിന് കാരണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.
കുറെ കാലമായി അന്തരീക്ഷത്തില്‍ ഇതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ആരും മുഖവിലയ്‌ക്കെടുക്കാറില്ല എന്ന് മാത്രം. ടെസ്റ്റ് ഫോര്‍മാറ്റാണ് ആളുകള്‍ ഏറ്റവും കുറവ് ശ്രദ്ധ നല്‍കുന്ന ഫോര്‍മാറ്റ്. ടി20, ഫ്രാഞ്ചൈസി ലീഗുകള്‍, ഏകദിനങ്ങള്‍ എന്നിവ കഴിഞ്ഞെ ടെസ്റ്റിന് പലരും പ്രാധാന്യം നല്‍കുന്നുള്ളു. ടെസ്റ്റ് ഫോര്‍മാറ്റ് മാത്രമാണ് ഒരു ബാറ്ററിന്റെ ഡിഫന്‍സ് സ്‌കില്ലിനെ പരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത്. 2000ത്തിന്റെ തുടക്ക കാലഘട്ടം വരെയും ടെസ്റ്റ് ഫോര്‍മാറ്റില്‍ വന്ന് തങ്ങളുടെ ഡിഫന്‍സ് സ്‌കില്‍ മെച്ചപ്പെടുത്താന്‍ കളിക്കാര്‍ താല്പര്യപ്പെടുമായിരുന്നു.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. ഡിഫന്‍സ് എന്നത് ബാറ്റര്‍മാര്‍ക്ക് ലാസ്റ്റ് പ്രയോരിറ്റി മാത്രമായി കഴിഞ്ഞു. മികച്ച പന്തുകളെ പ്രതിരോധിക്കുന്ന കാലം കഴിഞ്ഞു. സിക്‌സുകള്‍ അടിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ. അതിജീവിക്കുക എന്നത് ഒരു ഓപ്ഷന്‍ പോലും അല്ലാതെയായി.പലര്‍ക്കും ഒരു പന്ത് ലീവ് ചെയ്യാനാണ് ഇന്ന് ഏറ്റവും ബുദ്ധിമുട്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ കളി മെച്ചപ്പെടുത്തണമെങ്കില്‍ കളിയോടുള്ള സമീപനത്തില്‍ മാറ്റം വരണം. ഇംഗ്ലണ്ടിലേത് പോലെ കോമ്പിറ്റീറ്റീവായ പിച്ചുകള്‍ വന്നാല്‍ സീരീസ് കാണാനും രസകരമാകും. മഞ്ജരേക്കര്‍ പറഞ്ഞു.