Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസില്‍ വന്‍ 'അടിപിടി'; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധാകരന്‍, അതൃപ്തി പുകയുന്നു

താരതമ്യേന ദുര്‍ബലനായ നേതാവിനെയാണ് കെപിസിസി അധ്യക്ഷനാക്കിയതെന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം

Congress group politics

രേണുക വേണു

, ബുധന്‍, 14 മെയ് 2025 (10:08 IST)
കെപിസിസി നേതൃമാറ്റത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ചേരിപോര് രൂക്ഷം. സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ആന്റോ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ സണ്ണി ജോസഫ് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് അതൃപ്തിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. 
 
താരതമ്യേന ദുര്‍ബലനായ നേതാവിനെയാണ് കെപിസിസി അധ്യക്ഷനാക്കിയതെന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം. പ്രവര്‍ത്തകര്‍ക്കിടയില്‍ സണ്ണി ജോസഫ് ഒട്ടും സ്വീകാര്യനല്ല. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് തന്നെ ഒരു കെപിസിസി അധ്യക്ഷനെ വേണമായിരുന്നെങ്കില്‍ ആന്റോ ആന്റണിയെയോ ബെന്നി ബെഹനാനെയോ പരിഗണിക്കാമായിരുന്നെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. 
 
തന്നെ തിടുക്കപ്പെട്ട് കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയതില്‍ കെ.സുധാകരനും അതൃപ്തനാണ്. വി.ഡി.സതീശന്‍ തനിക്കെതിരെ നീക്കങ്ങള്‍ നടത്തിയെന്ന സംശയം സുധാകരനുണ്ട്. ഈ ടേം കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പൂര്‍ണമായി അവസാനിപ്പിക്കാനും സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സുധാകരന്‍ തീരുമാനിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 
 
വി.ഡി.സതീശനും രമേശ് ചെന്നിത്തലയുമാണ് നിലവില്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നത്. സണ്ണി ജോസഫിനും മുഖ്യമന്ത്രി കസേരയില്‍ കണ്ണുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ ചിന്തിക്കാന്‍ പോലും കോണ്‍ഗ്രസിലെ ബഹഭൂരിപക്ഷം പ്രവര്‍ത്തകരും ഒരുക്കമല്ല. സതീശന്‍ - ചെന്നിത്തല പോരിനായിരിക്കും പാര്‍ട്ടി ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ വിലയിരുത്തുന്നത്. അതില്‍ സുധാകരന്റെയടക്കം പിന്തുണ ചെന്നിത്തലയ്ക്കുണ്ട്. സതീശനോടു അതൃപ്തിയുള്ള വലിയൊരു വിഭാഗം മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താനാണ് ചെന്നിത്തലയുടെ ശ്രമങ്ങള്‍. ഇത് പഴയ ഗ്രൂപ്പ് പോരിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമോയെന്ന ഭയത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്