സതീശന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' ജമാ അത്തെ ഇസ്ലാമിയുടെ ധൈര്യം; മൗദൂദിസം പ്രചരിപ്പിക്കാന്‍ നീക്കം
ജമാ അത്തെ ഇസ്ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്ന് വി.ഡി.സതീശന്‍ നേരത്തെ പറഞ്ഞിരുന്നു
ജമാ അത്തെ ഇസ്ലാമി സ്ഥാപക നേതാവ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാന്‍ നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ജമാ അത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു പിന്നാലെ സംഘടനയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയാണ് മൗദൂദി പ്രത്യയശാത്രം ജനകീയമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സയ്യിദ് മൗദൂദിയും ശൈഖ് ഖറദാവിയും: ഇസ്ലാമിക രാഷ്ട്രീയ ചിന്തയും വികാസവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് മലപ്പുറത്ത് വെച്ചാണ് പരിപാടി.
ജമാ അത്തെ ഇസ്ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്ന് വി.ഡി.സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ജമാ അത്തെ ഇസ്ലാമിക്കു വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിക്ക് യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.
ജമാ അത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ എതിര്‍പ്പുണ്ട്. എന്നാല്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി സംഘടനകള്‍ യുഡിഎഫില്‍ നിന്ന് അകലം പാലിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജമാ അത്തെ ഇസ്ലാമിയെ പിന്തുണയ്ക്കാതെ വേറെ വഴിയില്ലെന്ന അഭിപ്രായവും സതീശന്‍ അടക്കമുള്ള നേതാക്കള്‍ക്കുണ്ട്.