കേരളത്തിൽ കേക്ക്, ഉത്തരേന്ത്യയിൽ കൈവിലങ്ങും, കേരളത്തിലെ കേന്ദ്രമന്ത്രിമാരെവിടെ, ചോദ്യവുമായി എം ഗോവിന്ദൻ
എന്താണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കന്യാസ്ത്രീകളുടെ മോചനത്തിനായി ചെയ്തത്.
ഛത്തിസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ കേക്കും ഉത്തരേന്ത്യയും കൈവിലങ്ങും മര്‍ദ്ദനവുമാന് ബിജെപിയുടെ നയമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഗോവിന്ദന്‍ വ്യക്തമാക്കി.
ആട്ടിന്‍തോലിട്ട ചെന്നായയാണ് ബിജെപിയെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണം. കന്യാസ്ത്രീകളുടെ മോചനത്തിനായി കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഒന്നും ചെയ്യുന്നില്ലെന്നും ലേഖനത്തില്‍ എം വി ഗോവിന്ദന്‍ പറയുന്നു.ക്രൈസ്തവരെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ജോര്‍ജ് കുര്യന് കേന്ദ്രപദവി ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തെ കൊണ്ട് ക്രൈസ്തവ സമുദായത്തിന് ഒരു ഗുണവുമില്ല. കേരളത്തില്‍ മാത്രമാണ് മനസമാധാനത്തോടെ ജീവിക്കാനാകുന്നതെന്ന് മതമേലധ്യക്ഷന്മാര്‍ തന്നെ പറയുന്നു.ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ മരിച്ചാല്‍ മറവ് ചെയ്യാന്‍ പോലും കഴിയാത്തവിധം സാമൂഹ്യാന്തരീക്ഷം കലുഷമാണ്. എന്ത് വസ്ത്രം ധരിക്കണമെന്നും എന്ത് ഭക്ഷണം കഴിക്കണമെന്നും ഹിന്ദുത്വവാദികള്‍ കല്‍പ്പിക്കുന്നത് ഭീതിജനകമാണ്. ഇവരെ നിയന്ത്രിക്കേണ്ട പോലീസ് സംസ്ഥാനങ്ങളില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ഇരകളെ വേട്ടയാടുകയാണ്.
ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കള്‍ക്ക് ഇത് സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്താണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കന്യാസ്ത്രീകളുടെ മോചനത്തിനായി ചെയ്തത്. നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ജോര്‍ജ് കുര്യന്‍ പറയുന്നത്. ഏത് നിയമം?, ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞുവെച്ചതാണോ എന്നും എം വി ഗോവിന്ദന്‍ ലേഖനത്തില്‍ ചോദിക്കുന്നു.