നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. നേരത്തേ ഉന്നയിച്ച സിബിഐ അന്വേഷണ ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതോടെയാണ് അതിനെതിരെ അപ്പീലുമായി ദിലീപ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ വിചാരണ നടപടി നിര്‍ത്തി വയ്ക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
പക്ഷപാതപരമായാണ് പൊലീസ് ഈ കേസ് അന്വേഷിച്ചതെന്നും സംഭവത്തിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ നിരപരാധിയായ തന്നെ തെറ്റായി പ്രതിചേര്‍ത്തിരിക്കുകയാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
അതുകൊണ്ടുതന്നെ സംസ്ഥാന പൊലീസിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കേണ്ടത് ആവശ്യമാണ്. മെമ്മറി കാര്‍ഡില്‍ ഉള്ള വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്നും ദിലീപ് ഈ ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ കേസ് സി ബി ഐക്ക് കൈമാറാന്‍ തക്ക കാരണങ്ങള്‍ ഹര്‍ജിക്കാരന് സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നാണ് നേരത്തേ ഹര്‍ജി തള്ളിക്കൊണ്ട് സിംഗിള്‍ ബഞ്ച് വ്യക്തമാക്കിയത്. പൊലീസ് പക്ഷപാതപരമായി കേസ് അന്വേഷിച്ചു എന്ന വാദത്തിന് ബലം നല്‍കുന്ന വസ്തുതകളൊന്നുമില്ലെന്നും കോടതി പറഞ്ഞിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഈ കേസില്‍ ഏപ്രില്‍ ആദ്യം വിചാരണ ആരംഭിക്കാനിരിക്കെയാണ് അപ്പീലുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.