മമ്മൂട്ടിയുടെ ചന്ദ്രലേഖ, ഇമേജ് നോക്കാതെ മെഗാസ്റ്റാര്‍ !

തിങ്കള്‍, 25 മാര്‍ച്ച് 2019 (14:38 IST)
സൂപ്പര്‍താര സിനിമകള്‍ പ്ലാന്‍ ചെയ്യുക എന്നത് ഇക്കാലത്ത് വളരെയേറെ ശ്രമകരമായ ജോലിതന്നെയാണ്. സൂപ്പര്‍താരങ്ങളുടെ ഇമേജിന് അനുയോജിച്ച കഥാപാത്രങ്ങളും പ്രൊജക്ടും സൃഷ്ടിക്കുക നിസാര കാര്യമല്ല. എന്നാല്‍, ഇമേജൊന്നും നോക്കാതെ സിനിമകള്‍ ചെയ്യുകയും ഹിറ്റാക്കുകയും ചെയ്യുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ക്ലൈമാക്സില്‍ പരാജയപ്പെട്ടുപോകുന്ന നായകന്‍‌മാരെ മമ്മൂട്ടിയും മോഹന്‍ലാലും അവതരിപ്പിച്ചിട്ടുണ്ട്.
 
അത്തരത്തില്‍ ഒരു സിനിമയായിരുന്നു മമ്മൂട്ടി നായകനായ മേഘം. ഒരു ചെറിയ പ്ലോട്ടായിരുന്നു അത്. നമ്മള്‍ സ്നേഹിക്കുന്നവരെയല്ല, നമ്മളെ സ്നേഹിക്കുന്നവരെയാണ് നമ്മള്‍ കണ്ണുതുറന്നുകാണേണ്ടത് എന്ന്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ടി ദാമോദരന്‍ തിരക്കഥ രചിച്ചു.
 
വളരെക്കുറച്ച് മമ്മൂട്ടിച്ചിത്രങ്ങളേ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു മേഘം. സുരേഷ് ബാലാജി നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്തത് മോഹന്‍ലാലിന്‍റെ പ്രണവം.
 
മമ്മൂട്ടിക്കൊപ്പം ദിലീപും ചിത്രത്തില്‍ നിറഞ്ഞുനിന്നു. ശ്രീനിവാസനും പ്രിയാഗില്ലും കൊച്ചിന്‍ ഹനീഫയും നെടുമുടിയും കെ പി എ സി ലളിതയും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു. 
 
1999 ഏപ്രില്‍ 15ന് വിഷു റിലീസായാണ് മേഘം പ്രദര്‍ശനത്തിനെത്തിയത്. ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി. എന്നാല്‍ പടം വേണ്ടത്ര ക്ലിക്കായില്ല. അതിന് കാരണവുമുണ്ട്.
 
മലയാളത്തില്‍ ചന്ദ്രലേഖ എന്ന മെഗാഹിറ്റിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മേഘം. അതുകൊണ്ടുതന്നെ ചന്ദ്രലേഖ പോലെ ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറാണ് ജനം പ്രതീക്ഷിച്ചത്. എന്നാല്‍ മേഘം അതായിരുന്നില്ല. മാത്രമല്ല, പ്രിയദര്‍ശനും മമ്മൂട്ടിയും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു അത്ഭുതചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷ കാക്കാന്‍ പ്രിയന് കഴിഞ്ഞില്ല. ക്ലൈമാക്സില്‍ പരാജയപ്പെട്ട നായകനായിരുന്നു മമ്മൂട്ടി. എന്തായാലും ഇന്നും മേഘം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മമ്മൂട്ടിച്ചിത്രം തന്നെ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘വേണ്ടെന്ന് ചിന്മയി പറയുന്നത് അവർ എന്റെ സിനിമകളിൽ പാടും, തീരുമാനിക്കുന്നത് ഞാൻ’ - ഉറച്ച നിലപാടുമായി ഗോവിന്ത് വസന്ത