Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയുടെ രാത്രി ഭംഗി ആസ്വദിക്കാന്‍ ഡബിള്‍ ഡെക്കര്‍ ബസ്; ടിക്കറ്റിനു 300, 150 രൂപ

രണ്ടാം നിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കായല്‍ കാറ്റേറ്റ് കാണാന്‍ കഴിയുന്ന തരത്തിലാണ് ബസ് സഞ്ചാരത്തിന് ഒരുങ്ങുന്നത്

Double Decker, KSRTC, Double decker bus service KSRTC Kochi, Kochi Double Decker, കെ.എസ്.ആര്‍.ടി.സി, ഡബിള്‍ ഡക്കര്‍, കൊച്ചി രാത്രി കാഴ്ച

രേണുക വേണു

Kochi , വെള്ളി, 11 ജൂലൈ 2025 (10:23 IST)
Double Decker - KSRTC

അറബിക്കടലിന്റെ റാണിയുടെ നഗരക്കാഴ്ചകളിലേക്ക് രാത്രി സഞ്ചാരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ് ജൂലൈ 15 മുതല്‍ നിരത്തിലിറങ്ങും. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കൊച്ചി നഗരത്തിന്റെ രാത്രി മനോഹാരിത ആസ്വദിക്കുന്നതിനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. 
 
രാത്രികാല കാഴ്ചകള്‍ കണ്ടുല്ലസിക്കുന്നതിനോടൊപ്പം മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ജന്മദിനം, വിവാഹ വാര്‍ഷികം, ഒത്തുചേരലുകള്‍ തുടങ്ങിയ വിവിധ ആഘോഷങ്ങള്‍ നഗരക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ നടത്തുന്നതിനുള്ള പുതിയ കാല്‍വെപ്പാണ് ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ്. 
 
രണ്ടാം നിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കായല്‍ കാറ്റേറ്റ് കാണാന്‍ കഴിയുന്ന തരത്തിലാണ് ബസ് സഞ്ചാരത്തിന് ഒരുങ്ങുന്നത്. ജൂലൈ 15 വൈകിട്ട് 5 ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ബസ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 
 
ബജറ്റ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡബിള്‍ ഡക്കര്‍ ബസിന്റെ മുകളിലെ ഡെക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 300 രൂപയും താഴത്തെ ഡെക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
 
വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് പുറപ്പെടുന്നത്. തുടര്‍ന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വോക്ക് വേ എത്തും. കോപ്റ്റ് അവന്യൂ വോക്ക് വേയില്‍ സഞ്ചാരികള്‍ക്ക് കായല്‍ തീരത്തെ നടപ്പാതയും പാര്‍ക്കും ആസ്വദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.  
 
കോപ്റ്റ് അവന്യൂ വോക്ക് വേയിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് ഇടത്തോട്ട് തിരിയും. തുടര്‍ന്ന് തേവര വഴി മറൈന്‍ഡ്രൈവ്, ഹൈക്കോടതി, മൂന്ന് ഗോശ്രീ പാലങ്ങള്‍ കയറി കാളമുക്ക് ജംഗ്ഷനില്‍ എത്തിച്ചേരും. കാളമുക്ക് ജംഗ്ഷനില്‍ നിന്നും തിരിച്ച് രാത്രി 8 മണിയോടെ തിരികെ ബസ് സ്റ്റാന്‍ഡില്‍ എത്തും. മൂന്നുമണിക്കൂര്‍ യാത്രയില്‍ 29 കിലോമീറ്റര്‍ ആണ് സഞ്ചരിക്കുന്നത്. 
 
ബസ്സിന്റെ മുകളിലത്തെ നിലയില്‍ 39 സീറ്റുകളും താഴത്തെ നിലയില്‍ 24 സീറ്റുകളും ഉള്‍പ്പെടെ 63 സീറ്റുകളാണ് തയ്യാറായിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നേരിട്ടെത്തിയും സീറ്റ് ബുക്കിങ്ങിനുള്ള സംവിധാനം ഒരുക്കും. ഡബിള്‍ ഡെക്കര്‍ ബസ് ആലുവ റീജണല്‍ വര്‍ക്ക്‌ഷോപ്പില്‍ അവസാനഘട്ട പണിയിലാണ്. ഉദ്ഘാടന ദിവസം ബസ് എറണാകുളത്ത് എത്തിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിന്‍സി ഇടനിലക്കാരിയെന്ന് സൂചന; ഫ്‌ളാറ്റില്‍ സിനിമ താരങ്ങള്‍ എത്താറുണ്ട്