Fact Check: 'മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ട്യൂമര്‍'; എംപി ഇ.ടി.മുഹമ്മദ് ബഷീറിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ
ഈ വീഡിയോ വ്യാജമാണെന്ന് എംപിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി
Fact Check: ലോക്‌സഭാ എംപി ഇ.ടി.മുഹമ്മദ് ബഷീറിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ കുട്ടികളില്‍ ട്യൂമര്‍ വരുന്നു എന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ സുഹൃത്തായ ഒരു ഡോക്ടര്‍ തന്നോടു പറഞ്ഞെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞതായാണ് വീഡിയോ.
ഈ വീഡിയോ വ്യാജമാണെന്ന് എംപിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇ.ടി.മുഹമ്മദ് ബഷീറിന്റെ ശബ്ദമല്ല ഈ വീഡിയോയില്‍ ഉള്ളത്. വാട്‌സ്ആപ്പില്‍ പല ഗ്രൂപ്പുകളിലും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അഭ്യര്‍ഥിച്ചു.
അതേസമയം മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ട്യൂമറിനു കാരണമാകുമെന്ന് ഇതുവരെ ആധികാരിക പഠനങ്ങളിലൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. ബ്രെയിന്‍ ട്യൂമറും മൊബൈല്‍ ഫോണ്‍ ഉപയോഗവും തമ്മില്‍ ബന്ധമൊന്നും ഇല്ലെങ്കിലും കുട്ടികളിലെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നാണ് ശിശുരോഗവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.