വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവാക്കളില്‍ നിന്ന് പണം തട്ടിയിരുന്ന 32 കാരി പിടിയില്‍. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് മാവിലാത്തറ വടക്കതില്‍ അശ്വതിയാണ് പിടിയിലായത്. സഹോദരിമാരായ യുവതികളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചാണ് അശ്വതി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. പ്രതിയുടെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
കൊച്ചി സ്വദേശികളായ പ്രഭയുടെയും സഹോദരി രമ്യയുടെയും ഫെയ്‌സ്ബുക്ക് ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. പ്രഭയുടെയും രമ്യയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്വതി അച്ചു, അനുശ്രീ അനു എന്നിങ്ങനെ രണ്ട് വ്യാജ അക്കൗണ്ടുകള്‍ പ്രതിയായ യുവതി ഉണ്ടാക്കി. പിന്നീട് യുവാക്കള്‍ക്ക് ഈ ഐഡിയില്‍ നിന്ന് മെസേജ് അയക്കുകയും അവരെ വലയില്‍ വീഴ്ത്തുകയും ചെയ്യും. താനുമായി അടുക്കുന്ന യുവാക്കളില്‍ നിന്ന് ഇവര്‍ പണം ആവശ്യപ്പെട്ടിരുന്നു.
ഒടുവില്‍ തട്ടിപ്പിനിരയായ യുവാക്കള്‍ ഫെയ്‌സ്ബുക്കില്‍ ഈ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തി. അനുശ്രീ അനു, അശ്വതി അച്ചു എന്നീ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ യുവാക്കള്‍ പങ്കുവച്ചിരുന്നു. ഇത് പ്രഭയുടെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോഴാണ് തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പ് പ്രഭയുടെയും രമ്യയുടെയും ശ്രദ്ധയിലെത്തുന്നത്.
പ്രഭയും രമ്യയും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെങ്കിലും അക്കൗണ്ടുകള്‍ പലതും നീക്കം ചെയ്തതിനാല്‍ ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാന്‍ ആകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സ്വന്തംനിലയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയായ യുവതിയെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി അശ്വതി വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായാണ് വിവരം. പത്തോളം വ്യാജ അക്കൗണ്ടുകള്‍ ഇവര്‍ക്കുണ്ട്. യുവാക്കളുമായി മെസഞ്ചറിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം പണം ആവശ്യപ്പെടുകയാണ് അശ്വതിയുടെ രീതി.