ഹരിപ്പാട്: വ്യാജ ഡ്രൈവിംഗ് ലൈസൻസ് പിടികൂടിയ സംഭവത്തിൽ കായംകുളത്തെ ട്രാവൽസ് ഉടമയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുന്നപ്രയിൽ വച്ചാണ് വ്യാജ നമ്പർ പ്ളേറ്റ് ഉപയോഗിച്ച വാഹനം പിടികൂടിയത്. ചിങ്ങോലി മധുഭവനിൽ മധു എന്ന 46 കാരനാണ് കേസിലെ ഒന്നാം പ്രതി.
ലൈസൻസ് തയ്യാറാക്കിയത് കായംകുളത്തെ ട്രാവൽസ് ഉടമയാണെന്നും കണ്ടെത്തി. എട്ടു വര്ഷം മുമ്പാണ് മധു ഇവർക്ക് മൂവായിരം രൂപാ നൽകി ലൈസൻസ് വാങ്ങിയത്. ഹരിപ്പാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. ഇവർ മറ്റാർക്കെങ്കിലും ഇത്തരത്തിൽ ലൈസൻസ് നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ടു വര്ഷം മുമ്പ് എറണാകുളത്ത് വ്യാജ ലൈസൻസ് പിടികൂടിയിരുന്നു. എന്നാൽ ഇത് കരുനാഗപ്പള്ളിയിലാണ് തയ്യാറാക്കിയിരുന്നതെന്നു കണ്ടെത്തിയിരുന്നു.
നിലവിൽ ഓൺലൈനായാണ് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത്. അതിനാൽ വ്യാജ ലൈസന്സുകളിലെ നമ്പർ ഓൺലൈനിൽ പരിശോധിക്കുമ്പോൾ കണ്ടെത്താൻ കഴിയുന്നുണ്ട്. പിടികൂടിയ ലൈസൻസിൽ വ്യാജ ഒപ്പ് മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണ്. ഇതിൽ നെടുമങ്ങാട് ആർ.ടി.ഓ യുടെ നമ്പറും ഇത് വിതരണം ചെയ്തത് ആലപ്പുഴ ആർ.ടി.ഓ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപെട്ടു വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.