കോഴിക്കോട് നഗരത്തിലെ തീ പിടുത്തം; 75 കോടിയിലധികം നഷ്ടം, വിദഗ്ധ പരിശോധന നടത്തും
75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി
കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്റിന് സമീപത്തുണ്ടായ തീപിടുത്തത്തെ തുടർന്ന് നഗരത്തിൽ വൻ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെട്ടത്. ബസ് സ്റ്റാൻഡ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെയാണ് നഗരത്തിൽ വൻ ഗതാഗത കുരുക്ക്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. 75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണമായും കത്തി നശിച്ചിരുന്നു. കെട്ടിടത്തിലെ മരുന്ന് ഗോഡൗണിനും തീപിടിത്തത്തിൽ നാശം സംഭവിച്ചിരുന്നു. വൈകുന്നേരം 5.30ഓടെയാണ് ബസ് സ്റ്റാന്റ് പരിസരത്തുള്ള ടെക്‌സ്റ്റൈൽസിൽ തീപിടുത്തമുണ്ടായത്.
തീപിടിത്തം രാത്രി 11 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. ആശങ്കകളുടെ മണിക്കൂറുകൾക്ക് ശേഷം മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ എത്തിച്ചിരുന്നു. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്.
അവധി ദിവസമായതിനാൽ നഗരത്തിൽ വൻ തിരക്കുണ്ടായിരുന്നു. തീപിടുത്തമുണ്ടായതോടെ നഗരത്തിൽ തിരക്കും ബഹളവുമായി ഗതാഗതം കുരുക്കിലാകുകയായിരുന്നു. ബീച്ചിൽ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാം എത്തുന്ന വാഹനങ്ങൾക്ക് പുതിയ ബസ് സ്റ്റാന്റ് ഭാഗം പിന്നിടാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അഗ്നിബാധയുണ്ടായതിന് പിന്നാലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ബസുകളെല്ലാം പുറത്തേയ്ക്ക് മാറ്റിയിരുന്നു. ഇതോടെ ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി.
തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഇന്ന് ഫയർ ഫോഴ്‌സ് വിഗ്ധ പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ തീപിടിത്തം ഉണ്ടായ കെട്ടിടം ഭാഗികമായി തുറന്നു നൽകി. തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് കോർപറേഷൻ തലത്തിൽ സ്റ്റിയറിങ്ങ് കമ്മിറ്റി ചേർന്ന് സംഭവം വിലയിരുന്നു. തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കും എന്നും മേയർ അറിയിച്ചു.
തീപിടിത്തത്തിൽ സർക്കാർ ഇന്നലെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറിയുടെ നിർദേശം. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചികരിച്ചിരുന്നു. ഫയർഫോഴ്സ് എത്താൻ വൈകിയോ എന്നുൾപ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.