മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും
നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസങ്ങളില്‍ താങ്ങും തണലുമായി സമ്പാദ്യ സമാശ്വാസ പദ്ധതി സഹായധന വിതരണം തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പദ്ധതിക്കായി 20.94 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പദ്ധതി പ്രകാരം, മത്സ്യത്തൊഴിലാളികളില്‍ നിന്ന് പരമാവധി 1,500/ രൂപ വീതം ഗുണഭോക്തൃ വിഹിതം സമാഹരിക്കുകയും, മറൈന്‍ മേഖലയിലെ പഞ്ഞമാസങ്ങളായ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലും ഉള്‍നാടന്‍ മേഖലയിലെ പഞ്ഞമാസങ്ങളായ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ വിഹിതമായ 1,500/ രൂപ വീതം ചേര്‍ത്ത് ആകെ 4,500/ രൂപ ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുകയും ചെയ്യും.
മറൈന്‍ ഗുണഭോക്താക്കള്‍ക്കുള്ള തുക വിതരണ തുടങ്ങിയിട്ടുണ്ട്. ഉള്‍നാടന്‍ മത്സ്യമേഖലയിലെ ഗുണഭോക്താക്കള്‍ക്കുള്ള തുക 2025 ജൂലൈ മാസത്തില്‍ അനുവദിച്ചു നല്‍കും. പദ്ധതി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നുണ്ടെന്ന് മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍മാര്‍ ഉറപ്പാക്കണം എന്ന് മന്ത്രി നിര്‍ദേശിച്ചു.