സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി
അഴിമതിക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് കോടതി പറഞ്ഞു.
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ സര്‍ക്കാരിനെ കേരള ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ കോടതിയലക്ഷ്യ നിലപാട് സ്വീകരിക്കുകയാണെന്ന് ജസ്റ്റിസ് എ ബദറുദീന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷിനെയും ക്രോസ് വിസ്താരം ചെയ്യാന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നില്ല.
സര്‍ക്കാര്‍ മൂന്ന് തവണ അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി മനോജ് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു. കോടതിക്കെതിരായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നു. അഴിമതിക്കാരുമായി സര്‍ക്കാര്‍ സഹകരിക്കുന്നു.
എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കുന്നത്? ആരാണ് ഇതിന് പിന്നില്‍? അഴിമതി നടത്തില്ലെന്ന് പറഞ്ഞാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത് വളരെ ദയനീയമായ സാഹചര്യമാണ്' കോടതി വിമര്‍ശിച്ചു. കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.