'സസ്‌പെന്‍ഷന്‍ ജനങ്ങളെ പറ്റിക്കാന്‍'; രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍
പാലക്കാട് കണ്ണാടിയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്
ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രാഹുല്‍ കോണ്‍ഗ്രസ് വേദിയിലെത്തിയത്.
പാലക്കാട് കണ്ണാടിയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. പ്രാദേശിക നേതാക്കള്‍ രാഹുലിനെ ഷാള്‍ അണിയിച്ചു സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെപിസിസിയും പ്രതിപക്ഷ നേതാവും പറയുമ്പോഴാണ് രാഹുല്‍ കോണ്‍ഗ്രസ് വേദിയില്‍ വീണ്ടും എത്തിയത്.
നേരത്തെ കണ്ണാടിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലും രാഹുല്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചരണം നടത്തുന്നതെന്നാണ് രാഹുലിന്റെ വിശദീകരണം.